അമരാവതി : അമരാവതി കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യ പ്രതി പിടിയിലായതിന് പിന്നാലെ കൂടുതൽ പ്രതികൾ അറസ്റ്റിലായേക്കുമെന്ന് സൂചന നൽകി പോലീസ്. കേസിൽ ഏഴ് പേരാണ് ഇതുവരെ പിടിയിലായത്. മുഖ്യപ്രതിയായ ഷെയ്ഖ് ഇർഫാൻ ഷെയ്ഖ് റഹീം എന്നയാളെ കഴിഞ്ഞ ദിവസം രാത്രി ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിരുന്നു. നാഗ്പൂരിൽ നിന്ന് അറസ്റ്റ് ചെയ്ത ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
ജൂൺ 21 നാണ് മെഡിക്കൽ ഷോപ്പ് അടച്ച് സ്‌കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഉമേഷ് കൊല്ലപ്പെട്ടത്. കുടുംബത്തിന്റെ മുന്നിൽ വച്ചാണ് പ്രതികൾ ഈ ക്രൂരകൃത്യം നടത്തിയത്. ബിജെപിയുടെ മുൻ വക്താവായ നൂപുർ ശർമ്മയെ പിന്തുണയ്‌ക്കുന്ന പോസ്റ്റ് സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ചതിനാണ് ഇസ്ലാമിക ഭീകരർ ഉമേഷിനെ കൊലപ്പെടുത്തിയത്. ഉദയ്പൂരിൽ തയ്യൽക്കടക്കാരനെ കഴുത്തറുത്ത് കൊന്നതും ഇതേ കാരണത്തിന്റെ പേരിലായിരുന്നു.
സംഭവത്തിൽ അറസ്റ്റിലായ യൂസഫ് ഖാൻ ഉമേഷിന്റെ സുഹൃത്തായിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. ഉമേഷിന്റെ സഹോദരനും ഇക്കാര്യം വ്യക്തമാക്കുന്നു.സമൂഹമാദ്ധ്യമത്തിൽ ബ്ലാക്ക് ഫ്രീഡം എന്ന ഗ്രൂപ്പിലായിരുന്നു ഇരുവരും സുഹൃത്തുക്കളായിരുന്നത്. ഈ ഗ്രൂപ്പിലും നൂപുർ ശർമ്മയെ അനുകൂലിച്ചുള്ള പോസ്റ്റ് ഉമേഷ് പങ്കുവെച്ചിരുന്നു.
അതേസമയം സംഭവത്തിൽ എൻഐഎ അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം ഉത്തരവ് ഇട്ടിരുന്നു. തീവ്രവാദ ബന്ധമടക്കം അന്വേഷിക്കാനാണ് കേസിന്റെ അന്വേഷണ ചുമതല കേന്ദ്ര ഏജൻസിയെ ഏൽപ്പിച്ചിരിക്കുന്നത്.
















Comments