ഛണ്ഡീഗഡ്: ഗായകൻ സിദ്ധു മൂസെ വാലയുടെ കൊലപാതകത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. മൂസ് വാലയുടെ കൊലയാളി സംഘത്തിൽപ്പെട്ട അങ്കിത് സിർസ, ഇയാളുടെ സഹായി സച്ചിൻ ബിഷ്ണവി എന്നിവരാണ് അറസ്റ്റിലായത്. ഡൽഹി പോലീസിന്റെ പ്രത്യേക സംഘമാണ് സിർസയെയും സഹായിയെയും അറസ്റ്റ് ചെയ്തത്.
ലോറൻസ് ബിഷ്‌ണോയുടെ സംഘത്തിൽ ഉൾപ്പെട്ടവരാണ് ഇരുവരും. മൂസെ വാലെയെ വെടിവെച്ചവരിൽ സിർസയും ഉണ്ടായിരുന്നു. സംഭവ ശേഷം ഇയാൾ ഒളിവിൽ പോകുകയായിരുന്നു. ഊർജ്ജിത അന്വേഷണത്തിനൊടുവിലാണ് സിർസയെ പോലീസ് പിടികൂടിയത്. കൊലയാളികൾക്ക് ഒളിച്ച് താമസിക്കാൻ സഹായം നൽകിയത് സച്ചിനാണ്.
കൊടും കുറ്റവാളികളാണ് ഇരുവരും. വിവിധ സംസ്ഥാനങ്ങളിൽ ഇവർക്കെതിരെ നിരവധി ക്രിമിനൽ കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. രാജസ്ഥാനിൽ വധശ്രമവുമായി ബന്ധപ്പെട്ട് രണ്ട് കേസുകൾ സിർസയ്‌ക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മെയ് 29 നാണ് സുദ്ധു മൂസേവാല വെടിയേറ്റ് കൊല്ലപ്പെട്ടത്. കൃത്യത്തിൽ പങ്കെടുത്തവരും ഗൂഢാലോചന നടത്തിയവരുമുൾപ്പെടെ 20ലധികം പേർ ഇതുവരെ പിടിയിലായിട്ടുണ്ട്.
Comments