ഭീമാവരം: രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവൻ നൽകിയ പോരാളികൾ സ്വപ്നം കണ്ട ഇന്ത്യ ആയിരിക്കണം പുതിയ ഇന്ത്യ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. യുവാക്കൾ ഇതിനായി പ്രവർത്തിക്കേണ്ടതുണ്ട്. നവ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനായി രാജ്യത്തെ യുവാക്കൾ പ്രവർത്തിക്കണമെന്ന് നരേന്ദ്രമോദി ആഹ്വാനം ചെയ്തു. ആന്ധ്രാപ്രദേശിലെ ഭീമാവരത്തിൽ അല്ലൂരി സീതാരാമ രാജുവിന്റെ 125-ാം ജന്മവാർഷിക ആഘോഷ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു പ്രധാന മന്ത്രി.
നമ്മുടെ പുതിയ ഇന്ത്യ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച പോരാളികളുടെ സ്വപ്നങ്ങളുടെ ഇന്ത്യയാകണം. കഴിഞ്ഞ എട്ട് വർഷമായി ഞങ്ങൾ തികഞ്ഞ അർപ്പണബോധത്തോടെ പ്രവർത്തനം കാഴ്ചവെച്ചു. അല്ലൂരി സീതാരാമ രാജുവിന്റെ തത്വങ്ങളിൽ അടിയുറച്ച് ആദിവാസികളുടെ ക്ഷേമത്തിനായി തങ്ങൾ പ്രവർത്തിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുതിയ ഇന്ത്യയിൽ എല്ലാവരും ഒന്നായിരിക്കണം. ദരിദ്രരും പാർശ്വവൽക്കരിക്കപ്പെട്ടവരും സ്ത്രീകളും യുവാക്കളും രാജ്യത്തെ എല്ലാ പൗരന്മാരും ഒത്തുചേരുമ്പോൾ നവ ഇന്ത്യ കെട്ടിപ്പടുക്കാം.
ഇന്ത്യയുടെ സ്വാതന്ത്ര്യ സമര കാലത്ത് യുവാക്കൾ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ഇന്ന് പുതിയ ഒരു ഇന്ത്യ കെട്ടിപ്പടുക്കുമ്പോൾ യുവാക്കൾ മുന്നോട്ട് വരേണ്ടതുണ്ട്. സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായി ആദിവാസി ഗൗരവ്, വിരാസത്ത് എന്നിവയെക്കുറിച്ച് ജനങ്ങൾക്ക് അവബോധം സൃഷ്ടിക്കുന്നതിനായി ഇന്ത്യയിലെ മഹത്തായ ഗോത്രവർഗ നേതാക്കളുടെ കഥ പറയാൻ സർക്കാർ മ്യൂസിയങ്ങൾ നിർമ്മിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായാണ് ഗോത്രവർഗങ്ങളുടെ അഭിമാനവും പൈതൃകവും പ്രകടമാക്കാൻ ഗോത്ര മ്യൂസിയങ്ങൾ സ്ഥാപിക്കുന്നത്. ഒപ്പം, അല്ലൂരി സീതാരാമ രാജുവിനെ സ്മരിച്ചുകൊണ്ട് ആന്ധ്രാപ്രദേശിലെ ലംബസിംഗിയിൽ മെമ്മോറിയൽ ട്രൈബൽ ഫ്രീഡം ഫൈറ്റേഴ്സ് മ്യൂസിയവും നിർമ്മിക്കുന്നു.
പിംഗലി വെങ്കയ്യ, കണ്ണേഗണ്ടി ഹനുമന്തു, കന്ദുകുരി വീരേശലിംഗം പന്തുലു, പോറ്റി തുടങ്ങിയ ആന്ധ്രാപ്രദേശിന്റെ അഭിമാനങ്ങളായ സ്വാതന്ത്ര്യ സമര സേനാനികളുടെ പേരുകൾ പറഞ്ഞുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. വീരന്മാരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കേണ്ടത് പുതിയ ഇന്ത്യയിലെ എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യസമര സേനാനിയും വിപ്ലവ നായകനുമായ അല്ലൂരി സീതാരാമ രാജുവിന്റെ 30 അടി ഉയരമുള്ള വെങ്കല പ്രതിമയും പ്രധാനമന്ത്രി മോദി അനാച്ഛാദനം ചെയ്തു. മൊഗല്ലുവിൽ അല്ലൂരി ധ്യാന മന്ദിറിന്റെ നിർമ്മാണത്തിനും സർക്കാർ അംഗീകാരം നൽകി.
Comments