ദിസ്പൂർ: മുസ്ലീം സമുദയാത്തിൽപ്പെട്ടവർ ഈദ് അൽ അദ്ഹ ആഘോഷവേളയിൽ പശുവിനെ അറക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം സംഘടനയായ ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്). ഇന്ത്യയിൽ ജൂലൈ 10ന് ആഘോഷിക്കപ്പെടുന്ന ഈദ് അൽ അദ്ഹ വേളയിൽ പശുവിനെ ബലിയർപ്പിക്കുന്നതിൽ നിയന്ത്രണമേർപ്പെടുത്തണമെന്നാണ് മുസ്ലീം സമുദായക്കാരോട് സംഘടന ആവശ്യപ്പെട്ടത്. എഐയുഡിഎഫ് മേധാവി ബദ്‌റുദ്ദീൻ അജ്മലാണ് അഭ്യർത്ഥനയുമായി രംഗത്തെത്തിയത്.
അസമിലെ ധുബ്രി മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാ എംപിയും ജാമിയത്ത് ഉലമയുടെ സംസ്ഥാന പ്രസിഡന്റുമാണ് ബദ്റുദ്ദീൻ അജ്മൽ. ഹിന്ദുക്കൾ പശുക്കളെ മാതാവായി കണക്കാക്കുന്നു. അതിനാൽ അവയെ ഉപദ്രവിക്കുന്നതിൽ നിന്ന് പരമാവധി വിട്ടുനിൽക്കണമെന്ന് ബദ്റുദ്ദീൻ അജ്മൽ പറഞ്ഞു.
അസമിലെ കച്ചാർ ജില്ലയിൽ വാർത്താസമ്മേളനം നടത്തവേയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ”പശുക്കളെ മാതാവായാണ് ഹിന്ദുക്കൾ കണക്കാക്കുന്നത്. സനാതന വിശ്വാസമനുസരിച്ച് പശുവിനെ വിശുദ്ധ പ്രതീകമായി ആരാധിക്കുന്നു.” ഇസ്ലാമിൽ പോലും പറയുന്നത് ഒരു മൃഗത്തെയും ഉപദ്രവിക്കരുതെന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈദ് സമയത്ത് പശുക്കളെ കൊല്ലരുതെന്നാണ് മുസ്ലീം ജനതയോടുള്ള അഭ്യർത്ഥന. പശുവിനെ കൊല്ലുന്ന ആചാരത്തെ എഐയുഡിഎഫ് ശക്തമായി എതിർക്കുന്നു. പശുവിന് പകരം മറ്റ് മൃഗങ്ങളെ ബലിയർപ്പിക്കണമെന്നാണ് മുസ്ലീം സമൂഹത്തോടുള്ള അഭ്യർത്ഥന. അള്ളാഹു അത് സ്വീകരിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം ജനങ്ങളോട് പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും വലിയ ഇസ്ലാമിക സെമിനാരിയായ ദാറുൽ ഉലൂം ദിയോബന്ദ് രണ്ട് വർഷം മുമ്പ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരുന്നു. ഈദ് അവസരത്തിൽ പശുക്കളെ ബലിയർപ്പിക്കുന്നത് ഒഴിവാക്കണമെന്ന് പൊതുജനങ്ങളോട് അവർ അഭ്യർത്ഥിച്ചു. അതേകാര്യമാണ് ഇവിടെ താനും ആവർത്തിക്കുന്നതെന്നും പശുക്കളെ ദയവായി ബലി നൽകരുതെന്നും അജ്മൽ കൂട്ടിച്ചേർത്തു.
Comments