ചുട്ടുപൊള്ളുന്ന വെയിൽ മാഞ്ഞു, കാത്തിരുന്ന മഴക്കാലം എത്തുകയും ചെയ്തു. പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റം നിരവധി അസ്വസ്ഥകളാണ് ശരീരത്തിനും മനസിനുമുണ്ടാക്കുകയെന്നത് മറ്റൊരു കാര്യം. പെട്ടെന്ന് മഴ വ്യാപകമാകുന്നതോടെ നാം ശ്രദ്ധിക്കാതെ പോകുന്ന ഒന്നാണ് ചർമ്മ സംരക്ഷണം.
പൊതുവെ ചർമ്മം സംരക്ഷിക്കാൻ പാടുപെടുന്നതിന് താൽപര്യമില്ലാത്തവരും എന്നാൽ ചർമ്മത്തിന് കേടുപാടുകൾ വന്നാൽ വിഷമിക്കുകയും ചെയ്യുന്നവരാണ് ഭൂരിഭാഗമാളുകളും. അത്തരക്കാർക്ക് വലിയ അധ്വാനമില്ലാതെ തന്നെ മഴക്കാലത്ത് ചർമ്മ സംരക്ഷണം നടത്താൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
കൂടുതൽ മെയ്‌ക്കപ്പ് ഒഴിവാക്കുക
മഴക്കാലത്ത് കട്ടിയുള്ള മെയ്‌ക്കപ്പ് ഒഴിവാക്കുന്നതാണ് നല്ലതെന്ന് ചർമ്മരോഗ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മഴക്കാലത്ത് മുഖക്കുരുവിനുള്ള സാധ്യത കൂടുതലാണ്. അതിനാൽ കട്ടിയുള്ള മെയ്‌ക്കപ്പും ചില ലോഷനുകളും മുഖക്കുരുവിന് വളമാകും. അതുകൊണ്ട് മഴക്കാലത്ത് എഎച്ച്എ, ബിഎച്ച്എ എന്നീ ഘടകങ്ങൾ അടങ്ങുന്ന മൊയ്‌സ്ചറൈസുകൾ ഉപയോഗിക്കാൻ ശ്രമിക്കുക. മുഖക്കുരുവുണ്ടെങ്കിൽ മഴക്കാലത്തിന് അനുയോജ്യമായ സൺസ്‌ക്രീൻ തിരഞ്ഞെടുക്കുകയും ചെയ്യുക.
ഈർപ്പം കൂടുമ്പോൾ ചർമ്മത്തിൽ മേക്കപ്പ് കൂടുതലായി ഒട്ടിപ്പിടിക്കുന്നു. ഇത് മുഖക്കുരു കൂട്ടുന്നതിന് പുറമേ അലർജിക്കും മുഖത്തെ ചെറുസുഷിരങ്ങൾ അടയുന്നതിനും കാരണമാകുന്നു. രാത്രി മെയ്‌ക്കപ്പ് കഴുകി കളയാതെ ഉറങ്ങരുത്. കട്ടിയുള്ള മെയ്‌ക്കപ്പോടെ കിടന്നുറങ്ങുന്നത് ശ്വസന പ്രക്രിയയെ പോലും ബാധിച്ചേക്കാം. പൗഡർ രൂപത്തിലുള്ളതോ നേരിയതോ ആയ മെയ്‌ക്കപ്പ് മഴക്കാലത്ത് ഉപയോഗിക്കുന്നതാണ് അഭികാമ്യം. കൂടാതെ ആവശ്യം കഴിഞ്ഞാൽ പെട്ടെന്ന് തന്നെ നീക്കം ചെയ്യാനും ശ്രദ്ധിക്കുക. കൂടാതെ മഴക്കാലത്ത് അണുബാധയ്‌ക്ക് സാധ്യത കൂടുതലാണെന്നതിനാൽ കഴിവതും രണ്ട് നേരം കുളിക്കാൻ ശ്രമിക്കുക. ഇത് ചർമ്മം എപ്പോഴും വൃത്തിയായിരിക്കാൻ സഹായിക്കും.
സൺസ്‌ക്രീൻ ഉപയോഗം
വേനൽകാലത്ത് മാത്രം ഉപയോഗിക്കേണ്ട ഒന്നല്ല സൺസ്‌ക്രീൻ. വർഷം മുഴുവനും ഉപയോഗിക്കേണ്ടതാണ്. മഴക്കാലമല്ലേയെന്ന് കരുതി സൺസ്‌ക്രീനിന് ഇടവേള നൽകാതിരിക്കുക. മഴക്കാലത്ത് സൂര്യന്റെ ചൂട് താരതമ്യേന കുറവാകുമെങ്കിലും മേഘങ്ങളെ കവച്ച് സൂര്യന്റെ അൾട്രാ വയലറ്റ് രശ്മികൾ ഭൂമിയിലെത്തുന്നു. അതിനാൽ വേനൽകാലത്തിന് സമാനമായി മഴക്കാലത്തും അൾട്രാ വയലറ്റ് രശ്മികൾ ചർമ്മത്തിന് ഭീഷണിയാകുന്നു. വീടിനകത്തും പുറത്തും കഴിയുമ്പോഴെല്ലം സൺസ്‌ക്രീൻ ഉപയോഗിക്കുന്നതാണ് നല്ലതെന്നാണ് ചർമ്മരോഗ വിദഗ്ധരുടെ അഭിപ്രായം. ജലാംശമടങ്ങിയതും സിലിക്കോൺ ഉള്ളതുമായ സൺസ്‌ക്രീനുകൾ മഴക്കാലത്തിന് നല്ലതാണ്.
മൊയ്‌സ്ചറൈസുകൾ ഉപയോഗം
മഴക്കാലമായതിനാൽ സൺസ്‌ക്രീൻ ഒഴിവാക്കുന്നത് പോലെ ചിലർ പതിവായി ചെയ്യുന്ന അബദ്ധമാണിത്. മൺസൂണിലും ചർമ്മത്തിന് മൊയ്‌സ്ചറൈസുകൾ ആവശ്യമാണ്. ഈർപ്പമുള്ളതിനാൽ മഴക്കാലത്ത് ചർമ്മം വരണ്ടുപോകുന്നില്ല, എന്നിരുന്നാലും ചർമ്മം ആരോഗ്യത്തോടെയിരിക്കാൻ എല്ലാ സീസണിലും മൊയ്‌സ്ചറൈസുകൾ ഉപയോഗിക്കണം.
കുടിവെള്ളം
മഴക്കാലത്ത് പൊതുവെ ദാഹം കുറവാകും. അതുകൊണ്ട് തന്നെ പലരും യഥാസമയം വെള്ളം കുടിക്കില്ല. വെള്ളം കുടിക്കുന്നത് കുറയുമ്പോൾ ശരീരത്തിന് നിർജലീകരണം സംഭവിക്കുമെന്ന് മാത്രമല്ല, ചർമ്മത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്യുന്നു. ധാരാളം വെള്ളം കുടിക്കേണ്ടത് ചർമ്മ സംരക്ഷണത്തിന് അത്യന്താപേക്ഷിതമാണ്. വേനൽകാലത്തിന് സമാനമായി ദിവസവും 8-10 ഗ്ലാസ് വെള്ളം തന്നെ മഴക്കാലത്തും കുടിക്കുക. നിങ്ങൾക്ക് ഊഹിക്കാൻ കഴിയുന്നതിൽ കൂടുതൽ ജലം നിങ്ങളുടെ ചർമ്മത്തിന് ആവശ്യമാണെന്ന വസ്തുത തിരിച്ചറിയണമെന്നും ഡോക്ടർമാർ വ്യക്തമാക്കുന്നു.
അതിനാൽ മഴക്കാലത്ത് ചെയ്യുന്ന ഇത്തരം അബദ്ധങ്ങൾ ഒഴിവാക്കിയാൽ മൺസൂണിലും ചർമ്മത്തെ നല്ലപോലെ സംരക്ഷിക്കാം.
Comments