പാലക്കാട് : പാലക്കാട് പ്രസവത്തിന് പിന്നാലെ അമ്മയുംകുഞ്ഞും മരിച്ച സംഭവത്തിൽ വീഴ്ച പറ്റിയിട്ടില്ലെന്ന് പാലക്കാട് തങ്കം ആശുപത്രി അധികൃതർ. അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടത്തിയത്. ഗർഭപാത്രം നീക്കം ചെയ്യുന്നത് ആ സമയത്തെ തീരുമാനമാണെന്നും അത് മുൻകൂട്ടി അറിയിക്കാൻ കഴിയില്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
ജൂലായ് 5ന് ആയിരുന്നു പ്രസവ തീയ്യതി. ജൂലായ് 2ന് പ്രസവവേദന വന്നപ്പോൾ മൂന്ന് ഡോക്ടർമാർ മാറി മാറി പരിശോധിച്ചിരുന്നു. ഡ്യൂട്ടിയിലുള്ള ഗൈനക്കോളജിസ്റ്റ് തന്നെയാണ് ഐശ്വര്യയെ നോക്കിയത്. ഡോ. പ്രിയദർശിനിയും ഐശ്വര്യയെ പരിശോധിച്ചിരുന്നു. അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടത്തിയത് എന്നും ഡോ. ചന്ദ്രമൗലി പറഞ്ഞു.
കുഞ്ഞിന്റെ മരണത്തിന് ശേഷം അമ്മയ്‌ക്ക് മതിയായ എല്ലാ ചികിത്സയും നൽകിയിരുന്നു. അമിതമായ രക്തസ്രാവമാണ് മരണകാരണമായത്. കുട്ടിയുടെ മൃതദേഹം ആശുപത്രി അധികൃതർ തന്നെ സംസ്‌കരിച്ചു എന്ന് പറയുന്നത് ശരിയല്ലെന്നും ഡോക്ടർമാർ പറഞ്ഞു.
ഐശ്വര്യയുടെ മരണത്തിൽ ആശുപത്രിയുടെ ഭാഗത്ത് പിഴവുണ്ടായിട്ടില്ലെന്ന വാദവുമായി ഐഎംഎയും രംഗത്തെത്തി. ഗർഭപാത്രം നീക്കം ചെയ്യുന്നതിന് അനുമതി വാങ്ങിയിട്ടുണ്ടെന്നാണ് ഐഎംഎ പാലക്കാട് പ്രസിഡൻറ് എൻഎം അരുൺ അറിയിച്ചത്. ഓപ്പറേഷൻ ചെയ്യാനുള്ള അനുമതിയാണ് കുടുംബത്തിൽ നിന്ന് വാങ്ങിയത്. ഗർഭപാത്രം നീക്കം ചെയ്യുന്നത് ആ സമയത്തെ തീരുമാനമാണ്. അത് മുൻകൂട്ടി അറിയിക്കാൻ കഴിയില്ലെന്നും അവസാന നിമിഷമാണ് ആ തീരുമാനമെടുക്കുക എന്നുമാണ് അധികൃതർ പറയുന്നത്. ഏത് അന്വേഷണത്തേയും നേരിടാൻ ആശുപത്രി തയ്യാറാണെന്നും ഡോക്ടർമാർ അറിയിച്ചു.
















Comments