തിരുവനന്തപുരം: മന്ത്രി സജിചെറിയാന്റെ ഭരണഘടന വിരുദ്ധ പരാമർശനത്തിനെതിരെ ബിജെപി നേതാവും മുൻ മിസോറാം ഗവർണറുമായ കുമ്മനം രാജശേഖരൻ. സജിചെറിയാൻ ഒരു നിമിഷം പോലും ഔദ്യോഗിക സ്ഥാനത്തിരിക്കാൻ അർഹനല്ലെന്ന് കുമ്മനം രാജശേഖരൻ പ്രതികരിച്ചു. ഇന്ത്യൻ ഭരണഘടനയേയും നീതി പീഠത്തേയും പൊതുയോഗത്തിൽ അധിക്ഷേപിക്കുകയാണ് മന്ത്രി ചെയ്തിരിക്കുന്നത്. ഭരണഘടനയെ തൊട്ട് അധികാരത്തിലേറിയ മന്ത്രിക്ക് താൻ ചെയ്ത തെറ്റിന്റെ ഗൗരവം തിരിച്ചറിയാനുള്ള വിവേകമില്ലെങ്കിൽ മുഖ്യമന്ത്രി രാജി ആവശ്യപ്പെടുകയാണ് ചെയ്യേണ്ടത്.
മുഖ്യമന്ത്രി രാജി ആവശ്യപ്പെടുന്നില്ലെങ്കിൽ ഗവർണ്ണർ ഭരണഘടനാ പരമായ കർത്തവ്യം നിർവ്വഹിക്കണമെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു. ജനങ്ങളെ കൊള്ളയടിക്കുന്നതാണ് ഇന്ത്യൻ ഭരണഘടനയെന്നാണ് മന്ത്രി സജി ചെറിയാൻ ആരോപിച്ചിരിക്കുന്നത്. ബ്രിട്ടീഷുകാർ പറഞ്ഞു കൊടുത്തത് ഏതോ ഇന്ത്യക്കാരൻ എഴുതിയെടുത്തതാണ് ഇന്ത്യയുടെ ഭരണഘടനയെന്നാണ് മന്ത്രിയുടെ മറ്റൊരു പരിഹാസം. ഭരണഘടനയുടെ ഉള്ളടക്കത്തേയും അതിന്റെ ശില്പിയേയും പറ്റിയുള്ള അജ്ഞതയാണ് ഈ അഭിപ്രായത്തിലൂടെ പുറത്തു വന്നിരിക്കുന്നതെന്നും അംബേദ്കറെ അപമാനിക്കുന്ന പ്രസ്താവനയാണിതെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.
ഇന്ത്യൻ നീതി പീഠത്തേയും മന്ത്രി സജിചെറിയാൻ വിമർശിച്ചു. ഭരണഘടനാ സ്ഥാപനത്തിന്റെ ഭാഗമായ സജിചെറിയാൻ ആ പദവിക്ക് നിരക്കാത്ത വ്യക്തിത്വമാണെന്ന് തെളിയിച്ചിരിക്കുകയാണ്. ഇങ്ങനെയൊരാൾ മന്ത്രി പദവിയിൽ തുടരുന്നത് ജനാധിപത്യത്തിന് കളങ്കമാണ്. മന്ത്രിസ്ഥാനത്ത് ഇരിക്കാൻ കഴിയുന്നത് രാജ്യത്ത് ഭരണഘടന ഉള്ളതുകൊണ്ടാണ്. ഭരണഘടന നൽകിയ ഭരണഘടനാ പദവിയിൽ ഇരുന്നുകൊണ്ട് ഭരണഘടനയെ നിന്ദിക്കുന്നത് നന്ദികേട് മാത്രമല്ല രാജ്യദ്രോഹവുമാണെന്ന് കുമ്മനം രാജശേഖരൻ ആരോപിച്ചു. പോലീസ് നേരിട്ട് കേസെടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments