ലഗേജ് നഷ്ടപ്പെട്ടതിൽ പരിഭ്രാന്തയായ കോളേജ് വിദ്യാർത്ഥിനിക്ക് സഹായമേകി കേന്ദ്രവ്യോമയാന മന്ത്രി ജ്യോതിരാദിത്യസിന്ധ്യ. ട്വിറ്ററിലൂടെ പരാതി ഉന്നയിച്ച കോളേജ് വിദ്യാർത്ഥിനിയുടെ പോസ്റ്റ് ഷെയർ ചെയ്ത കേന്ദ്രമന്ത്രി ഹോസ്റ്റൽ ഗേറ്റിന് മുന്നിൽ ലഗേജ് എത്തിച്ചിട്ടുണ്ടെന്ന് മറുപടി ട്വീറ്റിലൂടെ വിദ്യാർത്ഥിനിയെ അറിയിക്കുകയും ചെയ്തു.
Your luggage has been delivered at the hostel gate. Take care. https://t.co/DuKsvXojwS
— Jyotiraditya M. Scindia (@JM_Scindia) July 4, 2022
ഇൻഡിഗോ വിമാനത്തിൽ സഞ്ചരിച്ചതിന് പിന്നാലെയുള്ള ദുരവസ്ഥയും തന്റെ ലഗേജ് നഷ്ടപ്പെട്ടതിലുള്ള വിഷമവുമായിരുന്നു കോളേജ് വിദ്യാർത്ഥിനിയായ അനൗഷ്‌ക ട്വിറ്ററിലൂടെ അറിയിച്ചത്.
ലക്ഷ്യസ്ഥാനത്തെത്താൻ 24 മണിക്കൂറിനിടെ നാല് എയർപോർട്ടുകളിലേക്ക് സഞ്ചരിക്കേണ്ടി വന്നുവെന്നും ഇൻഡിഗോ വിമാനക്കമ്പനിയുടെ വീഴ്ചയാണിതെന്നും പെൺകുട്ടി ആരോപിച്ചിരുന്നു. ഒടുവിൽ എത്തേണ്ടിടത്ത് എത്തിയപ്പോൾ ലഗേജ് നഷ്ടപ്പെട്ടുവെന്ന വിവരമാണ് തന്നെ കാത്തിരുന്നതെന്നും ഇൻഡിഗോയെ ടാഗ് ചെയ്ത് ട്വിറ്ററിലൂടെ പെൺകുട്ടി അറിയിച്ചു.
പോസ്റ്റ് വന്നതിന് പിന്നാലെ വിമാനക്കമ്പനി പ്രതികരണവുമായെത്തി. ലഗേജ് ഇവിടെയുണ്ടെന്നും ഇതെടുക്കാൻ എയർപോർട്ട് വരെ ഒന്ന് വരണമെന്നുമായിരുന്നു ഇൻഡിഗോ ആവശ്യപ്പെട്ടത്.
അന്നേ ദിവസം നേരിട്ട ദുരവസ്ഥയ്‌ക്ക് പകരമായി ടിക്കറ്റിന്റെ പണം പാതിയോ മുഴുവനോ തരേണ്ട സ്ഥാനത്ത് വീണ്ടും എയർപോർട്ട് വരെ എത്തണമെന്ന് ആവശ്യപ്പെടുന്നത് നീതിയല്ലെന്നായിരുന്നു പെൺകുട്ടിയുടെ മറുപടി. ഹോസ്റ്റലിൽ നിന്ന് എയർപോർട്ട് വരെയെത്താൻ ഇനി തനിക്ക് 800 രൂപ ചിലവഴിക്കേണ്ടി വരുമെന്നും വിദ്യാർത്ഥിനി ചൂണ്ടിക്കാട്ടി.
കോളേജ് വിദ്യാർത്ഥിനിയുടെ പരാതി ട്വീറ്റുകൾ അതിനോടകം വൈറലാകുകയും ചെയ്തിരുന്നു. ഇതോടെയാണ് കേന്ദ്രമന്ത്രി ജ്യോതിരാദിത്യസിന്ധ്യയുടെ ഇടപെടലുണ്ടായത്. ”ഹോസ്റ്റൽ ഗേറ്റിന് മുന്നിൽ താങ്കളുടെ ലഗേജ് എത്തിച്ചിട്ടുണ്ട്. ശ്രദ്ധയോടെ സൂക്ഷിച്ചോളൂ” ഇതായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി ട്വീറ്റ്.
Comments