പാലക്കാട്: ബിന്ദു അമ്മിണിക്കൊപ്പം ശബരിമല യുവതീ പ്രവേശനത്തിൽ പങ്കാളിയായ കനകദുർഗ പുനർവിവാഹിതയായി. പാലക്കാട് കളക്ടറെ ബന്ദിയാക്കിയ കേസിലെ പ്രതി വിളയോടി ശിവൻകുട്ടിയാണ് വരൻ. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം പാലക്കാട് ചിറ്റൂർ സബ് രജിസ്ട്രാർ ഓഫീസിൽ വെച്ചായിരുന്നു വിവാഹം.
പരസ്പരം സഖാക്കളായി ഒരുമിച്ച് ജീവിക്കുമെന്ന് വിവാഹ ശേഷം ഇരുവരും അറിയിച്ചു. ഇത് കനകദുർഗയുടെ രണ്ടാം വിവാഹമാണ്. ശബരിമല കയറിയതിനെ തുടർന്ന് കനകദുർഗയുടെ ആദ്യ വിവാഹബന്ധം തകർന്നിരുന്നു. ശബരിമലയിൽ കയറിയതോടെ തന്നെ എല്ലാവരും ഉപേക്ഷിച്ചതായി പറഞ്ഞ കനകദുർഗ ബിബിസി തമിഴിനു നൽകിയ അഭിമുഖത്തിൽ പൊട്ടിക്കരഞ്ഞിരുന്നു.
ശബരിമലയിൽ ആചാരലംഘനം നടത്തിയ കനകദുർഗയ്‌ക്ക് പെരിന്തൽമണ്ണയിലെ വീട്ടിൽ പ്രവേശിക്കാൻ കോടതി അനുമതി നൽകിയതോടെ ഭർത്താവ് കൃഷ്ണനുണ്ണിയും,ഭര്‍തൃമാതാവ് സുമതിയമ്മയും സ്വന്തം വീട്ടിൽ നിന്നും വാടക വീട്ടിലേയ്‌ക്ക് മാറിത്താമസിച്ചിരുന്നു.
ശബരിമലയിൽ പ്രവേശിച്ച് ആചാരലംഘനം നടത്താൻ കനകദുർഗ്ഗയേയും,ബിന്ദുവിനെയും സഹായിച്ചത് സിപിഎമ്മാണെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. വലിയ ജനരോഷമാണ് ശബരിമല യുവതീ പ്രവേശനത്തിന് ശേഷം പൊതുസമൂഹത്തിൽ നിന്നും കനകദുർഗ നേരിട്ടത്. കനകദുർഗയുടെ വീടിന് മുന്നിൽ അന്ന് നാമജപ പ്രതിഷേധവും നടന്നിരുന്നു. കനകദുർഗ ചെയ്ത ആചാര ലംഘനത്തിന് സഹോദരൻ ഹൈന്ദവ സമൂഹത്തോട് മാപ്പ് ചോദിച്ചിരുന്നു.
Comments