ന്യൂഡൽഹി: കാളി മാതാവിനെ അധിക്ഷേപിച്ചു കൊണ്ടുള്ള ലീന മണിമേഖലയുടെ പോസ്റ്റർ ട്വിറ്റർ നീക്കം ചെയ്തു. പോസ്റ്ററിനും ലീനയുടെ പ്രസ്താവനകൾക്കും ഡോക്യുമെന്ററിക്കും എതിരെ ഹിന്ദു സംഘടനകളുടെ ഭാഗത്ത് നിന്നും ആഗോള തലത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി എന്ന് ട്വിറ്റർ വ്യക്തമാക്കി.
സ്വവർഗ ലൈംഗികതയുടെ അടയാളമായ പതാകയും സിഗരറ്റും പിടിച്ചു കൊണ്ടിരിക്കുന്ന തരത്തിലായിരുന്നു പോസ്റ്ററിൽ ലീന കാളി മാതാവിനെ ചിത്രീകരിച്ചത്. ഹിന്ദു ദേവതയെ ആക്ഷേപിക്കുന്ന പോസ്റ്ററിനെതിരെ വിവിധ സംഘടനകൾ നിയമ നടപടികൾ സ്വീകരിച്ചിരുന്നു. ഈ സാഹചര്യത്തിൽ, ലീന മണിമേഖലയ്‌ക്ക് എതിരെ ഡൽഹി പോലീസും ഉത്തർ പ്രദേശ് പോലീസും എഫ് ഐ ആറുകൾ രജിസ്റ്റർ ചെയ്തിരുന്നു.
ഹിന്ദു ദേവതയെ ആക്ഷേപകരമായി ചിത്രീകരിക്കുന്ന പോസ്റ്ററിനെതിരെ പരാതികൾ ലഭിച്ചിട്ടുണ്ടെന്നും, അത് അതിവേഗം പിൻവലിക്കണമെന്നും കാനഡയിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയം കനേഡിയൻ അധികൃതർക്ക് നിർദ്ദേശം നൽകിയിരുന്നു. തുടർന്ന്, ഡോക്യുമെന്ററി പ്രദർശിപ്പിച്ചതിൽ ടൊറോന്റോയിലെ ആഗാ ഖാൻ മ്യൂസിയം ക്ഷമാപണം നടത്തിയിരുന്നു.
എന്നാൽ, പോസ്റ്ററിനെ ന്യായീകരിച്ചു കൊണ്ട് തമിഴിൽ ലീന മണിമേഖല ട്വീറ്റ് ചെയ്തിരുന്നു. എല്ലാവരും ഡോക്യുമെന്ററി കാണണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു. അവർക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ നിയമ നടപടികൾ പുരോഗമിക്കുകയാണ്.
















Comments