ന്യൂഡൽഹി: പ്രയോഗിക അധിഷ്ഠിത പഠനത്തിനും ഊന്നൽ നൽകി കൊണ്ട് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ദേശീയ വിദ്യാഭ്യാസ നയം വഴി നൈപുണ്യ വികസനത്തിന്റെയും ആധുനിക ആശയങ്ങളുടെയും സമന്വയിപ്പിക്കലാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ബനാറസ് ഹിന്ദു സർവകലാശാലയും യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷനും (യുജിസി) വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തിയ ത്രിദിന അഖില ഭാരതീയ ശിക്ഷ സംഗമം വാരണാസിയിൽ ഉദ്ഘാടനം ചെയ്ത അവസരത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കുട്ടികളുടെ കഴിവിനും ഇഷ്ടത്തിനുമനുസരിച്ച് നൈപുണ്യമുള്ളവരാക്കി മാറ്റുന്നതിലാകും ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് വ്യക്തമാക്കി. യുവാക്കളെ പരിചയസമ്പന്നരും ആത്മവിശ്വാസമുള്ളവരുമാക്കി മാറ്റും. ബിരുദധാരികളെ സൃഷ്ടിക്കുന്നതിനൊപ്പം വിദ്യാഭ്യാസ നയവും രാജ്യത്തിന് സംഭാവന നൽകുമ്പോൾ, രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിന് ആവശ്യമായ മാനവവിഭവശേഷിയും ഉണ്ടാകുന്നതായി അദ്ദേഹം വ്യക്തമാക്കി.
ബഹിരാകാശ മേഖലയിൽ സർക്കാർ മാത്രമായിരുന്നു പദ്ധതികൾ നടപ്പാക്കിയിരുന്നത് എന്നാൽ സ്വകാര്യ കമ്പനികൾ വഴി ഇത്തരം മേഖലകളിലേക്ക് യുവജനങ്ങൾക്കും കടന്ന് വരാനുള്ള അവസരമാണ് സൃഷ്ടിക്കപ്പെടാൻ പോകുന്നത്.
വിദ്യാഭ്യാസ നയം വഴി വിദ്യാർത്ഥികൾക്ക് മാതൃഭാഷയിൽ പഠിക്കാൻ കഴിയുമെന്നും പ്രാചീന ഭാഷകളിലും പഠനത്തിനുള്ള അവസരം ഇതുവഴി സംജാതമാകും. രാജ്യത്ത് പുതിയ കോളേജുകളും സർവകലാശാലകളും ഐഐടികളും വർധിച്ചു വരുന്ന സാഹചര്യത്തിൽ ഇത്തരമൊരു വിദ്യാഭ്യാസ നയം രാജ്യത്തിനും വിദ്യാർത്ഥികൾക്കും ഉപകാരം ചെയ്യും. മഹാമാരി കാലത്തും ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ വൻ മുന്നേറ്റമാണ് ഉണ്ടായത്. സ്റ്റാർട്ടപ്പുകൾകളുടെ എണ്ണവും വർധിച്ചു. സ്റ്റാർട്ടപ്പുകളുടെ എണ്ണത്തിൽ ലോകത്തെ മൂന്നാമത്തെ വലിയ രാജ്യമാണ് ഇന്ത്യ.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവർണർ ആനന്ദിബെൻ പട്ടേൽ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
















Comments