ന്യൂഡൽഹി: സാമ്പത്തിക സാഹചര്യങ്ങൾ കണക്കിലെടുത്ത് സംസ്ഥാനങ്ങൾ ജാഗ്രതയോടെ വായ്പയെടുക്കണമെന്നും കാര്യക്ഷമമായി പണം വിനിയോഗിക്കണമെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. മുംബൈയിൽ നടന്ന സംസ്ഥാന ധനകാര്യ സെക്രട്ടറിമാരുമായുള്ള യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.ധനവിനിയോഗത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ആകസ്മിക ബാധ്യതകൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനും സഹകരണ ബാങ്കുകളുടെ ഭരണം മെച്ചപ്പെടുത്തുന്നതിനും സംസ്ഥാനങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജൂലൈ 2 ലെ ആർബിഐയുടെ കണക്കുകൾ പ്രകാരം ജൂലൈ-സെപ്തംബർ മാസങ്ങളിൽ സംസ്ഥാനങ്ങൾ 2.12 ലക്ഷം കോടി രൂപ ബോണ്ടുകൾ വഴി വായ്പയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അറിയിച്ചു . ജൂലൈയിൽ 62,640 കോടി രൂപയും ഓഗസ്റ്റിൽ 81,582 കോടി രൂപയും 67,330 കോടി രൂപയും സംസ്ഥാനങ്ങൾ ശേഖരിക്കും.സംസ്ഥാന കടം ലേലം സാധാരണയായി എല്ലാ ചൊവ്വാഴ്ചയുമാണ് നടക്കുന്നത്.
ജൂലൈ- സെപ്തംബർ മാസങ്ങളിൽ സംസ്ഥാനങ്ങൾ കടമെടുത്തത് മുൻ സാമ്പത്തിക വർഷത്തിലെ ആദ്യ ത്രൈ മാസത്തെ അപേക്ഷിച്ച് 29 ശതമാനം കൂടുതലാണ്. 1.6 ലക്ഷം കോടി രൂപയാണ് കടമെടുത്തത്. ഏപ്രിൽ-ജൂൺ മാസങ്ങളിൽ സമാഹരിച്ച 1.1 ലക്ഷം കോടി രൂപയേക്കാൾ ഇരട്ടി കൂടുതലാണെന്ന് റേറ്റിംഗ് ഏജൻസിയായ ഐസിആർഎ വ്യക്തമാക്കുന്നു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി വൻതോതിൽ കടമെടുക്കുന്നതിന് സംസ്ഥാനങ്ങൾ നിയന്ത്രണമേർപ്പെടുത്തിയിരുന്നു.സംസ്ഥാനങ്ങൾ കടമെടുത്തതിന്റെ കണക്കുകൾ, ഗ്യാരണ്ടി റിഡംഷൻ ഫണ്ട് തുടങ്ങിയവയുടെ കണക്കുകൾ ഇന്നത്തെ യോഗത്തിൽ അവതരിപ്പിച്ചു. വിലനിയന്ത്രണത്തിൽ സംസ്ഥാനങ്ങളുടെ പങ്ക്, വായ്പ നിയന്ത്രണ പദ്ധതികൾ തുടങ്ങിയ പ്രശ്‌നങ്ങളും ചർച്ച ചെയ്തതായി ആർബിഐ അറിയിച്ചു.
കേന്ദ്ര ധനകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ,അക്കൗണ്ട്‌സ് കൺട്രോളർ, കൺട്രോളർ ആന്റ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ , ധനകാര്യ സെക്രട്ടറിമാർ 24 സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്ര ഭരണ പ്രദേശത്തെയും ധനകാര്യ സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു.
Comments