ലക്‌നൗ: സാമൂഹികമായി പിന്നോക്കം നിൽക്കുന്ന ന്യൂനപക്ഷങ്ങളിലേക്ക് എത്തിച്ചേരാൻ ശ്രമിക്കണമെന്ന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ പ്രസ്താവനയെ പാസ്മന്ദ മുസ്ലീം വിഭാഗം സ്വാഗതം ചെയ്തയായി അറിയിച്ചു.പാസ്മന്ദ മുസ്ലീം സമുദായത്തിന്റെ വികസനത്തെപ്പറ്റി ചിന്തിക്കുന്നവരുടെ കൂടെ പങ്കുചേരുമെന്ന് മുൻമന്ത്രിയും പാസ്മന്ദ മുസ്ലീം സമുദായത്തിന്റെ അധ്യക്ഷനുമായ അനീസ് മൻസൂരി വ്യക്തമാക്കി.
കഴിഞ്ഞ 15 വർഷങ്ങളായി ന്യൂനപക്ഷ സമുദായങ്ങളുടെ ഉന്നമനത്തിനായി ശ്രമിക്കുന്നുണ്ടെന്നും എന്നാൽ നിരാശയായിരുന്നു ഫലമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി ദേശീയ നിർവാഹക സമിതി യോഗത്തിൽ മുന്നോട്ട് വെച്ച ആശയത്തെ സ്വാഗതം ചെയ്യുന്നെന്നാണ് മൻസൂരി പറഞ്ഞത്. പ്രധാനമന്ത്രിയ്‌ക്ക് സമുദായത്തിന്റെ നല്ലതിന് വേണ്ടി ചെയ്യാൻ കഴിയുമെന്നും അതിന് പൂർണ്ണ പിന്തുണ നൽകാൻ തങ്ങൾ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
1950 ൽ കോൺഗ്രസ് സർക്കാർ എടുത്തു കളഞ്ഞ ഇന്ത്യൻ ഭരണഘടനയിലെ സെക്ഷൻ 341 ലെ ഖണ്ഡിക 3 പ്രകാരമുള്ള സംവരണം ഉറപ്പുനൽകണം എന്നതാണ് ന്യൂനപക്ഷങ്ങളുടെ പ്രധാന ആവശ്യം. 1936 മുതൽ 1950 വരെ സംവരണം ലഭിക്കുന്നുണ്ടായിരുന്നു. സിഖുക്കാരുടെയും ബുദ്ധിസ്റ്റുകളുടെയും സംവരണങ്ങൾ പുനസ്ഥാപിച്ചതുപോലെ പാസ്മന്ദകളുടെയും സംവരണങ്ങൾ പുനസ്ഥാപിക്കണമെന്നതാണ് ആവശ്യം. മതപരിവർത്തനത്തെ ഭയക്കാതെ ജീവിക്കാനായി ബീഹാറിൽ ഉള്ളതു പോലെയുള്ള കർഫൂരി താക്കൂർ ഫോർമുല നിർമിക്കണമെന്നതാണ് രണ്ടാമത്തെ ആവശ്യം. ചെറുകിട സംരംഭങ്ങൾക്ക് വേണ്ടിയുള്ള എംഎസ്എംഇ മേഖലയിൽ ന്യൂനപക്ഷങ്ങൾക്ക് തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കണമെന്നുമാണ് സമുദായങ്ങൾ മുന്നോട്ട് വെയ്‌ക്കുന്ന ആവശ്യങ്ങൾ.
ഹൈദരാബാദിൽ നടന്ന ദേശീയ നിർവാഹക സമിതി യോഗത്തിൽ യുപിയിലെ പാർട്ടി അധ്യക്ഷൻ സ്വതന്ത്രദേവ് സിംഗ് തിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ പ്രകടനത്തെക്കുറിച്ച് റിപ്പോർട്ട് അവതരിപ്പിച്ചിരുന്നു. ഇതിനിടയിൽ പ്രധാനമന്ത്രിയാണ് ന്യൂനപക്ഷ സമുദായത്തിലെ പിന്നാക്കക്കാരെ മുഖ്യധാരയിലെത്തിക്കാനുളള ഇടപെടലുകൾ നടത്താൻ നിർദേശം മുന്നോട്ട് വെച്ചത്. മുസ്ലീം വിഭാഗങ്ങൾക്ക് കൂടുതൽ സ്വാധീനമുള്ള അസംഗഢിൽ വിജയിക്കാൻ കഴിഞ്ഞത് പാർട്ടിയുടെ വിജയമാണെന്ന് യുപി അധ്യക്ഷൻ വ്യക്തമാക്കിയിരുന്നു.
















Comments