ദുബായ്: യുഎഇ യിൽ ബലി പെരുന്നാൾ നാളെ. മസ്ജിദുകളിലും ഈദ് ഗാഹുകളിലും നാളെ പെരുന്നാൾ നമസ്‌കാരങ്ങൾ നടക്കും. അബുദാബിയിൽ രാവിലെ 5.57 നും ദുബായിൽ 5.53 നും നമസ്‌ക്കാരം നടക്കും. ഷാർജയിലും അജ്മാനിലും 5.52 നുമാണ് നമസ്‌ക്കാരം. ഉമൽഖുവൈനിൽ 5.50 നും റാസൽഖൈമയിൽ 5.48 നും നമസ്‌ക്കാരം ആരംഭിക്കും.
ബലിപെരുന്നാൾ നമസ്‌കാരം നടക്കുന്ന എല്ലാ പള്ളികളുടെയും ഈദ് ഗാഹുകളുടെയും സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് സംയോജിത സുരക്ഷാപദ്ധതി നടപ്പാക്കിയതായി അധികൃതർ അറിയിച്ചു.സുരക്ഷ വർധിപ്പിക്കാൻ എല്ലാ റോഡുകളിലും മാർക്കറ്റുകളിലും വാണിജ്യ മേഖലകളിലും ട്രാഫിക്, സുരക്ഷ പട്രോളിങ് ആരംഭിച്ചിതായി വ്യക്തമാക്കി.
കൊറോണ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും മാസ്‌ക് ധരിച്ച് സാമൂഹിക അകലം പാലിക്കണമെന്നും പൊലീസ് നിർദേശിച്ചു. പൊതു ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് 72 മണിക്കൂർ മുൻപുള്ള കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് അബുദാബി നിർബന്ധമാക്കി. യുഎഇയിലെ വിവിധ എമിറേറ്റുകളിൽ അവധി ദിവസങ്ങളിൽ സൗജന്യ പാർക്കിങ് പ്രഖ്യാപിച്ചു. വരുന്ന നാലുദിവസങ്ങളിലാണ് ഈ ആനുകൂല്യം ലഭിക്കുക.
തിരക്കും കൊറോണ സാഹചര്യവും കണക്കിലെടുത്ത് ദുബായ് മുൻസിപ്പാലിറ്റി അറവു ശാലകളിൽ നിന്ന് മാംസം വാങ്ങാൻ ഓൺലൈൻ സേവനം ഏർപ്പെടുത്തി. അൽമവാഷ, ടുർക്കി, ഷബാബ് അൽഫ്രീജ്, ദബായ് അൽദാർ, അൽ അനൗദ് സ്ലോട്ടേഴ്‌സ്, ദബായേ യുഎഇ, ടെൻഡർ മീറ്റ് തുടങ്ങിയ ആപ്പുകൾ വഴി മാംസം ബുക്ക് ചെയ്യാം.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ്മുഹമ്മദ് ബിൻ റാഷിദ് അൽ മക്ത് യുഎഇയിലെ ജനങ്ങൾക്കും വിശ്വാസികൾക്കും ആരോഗ്യകരവും സുരക്ഷിതവുമായ പെരുന്നാൾ നേരുന്നുന്നതായി സമൂഹമാധ്യമങ്ങൾ വഴി അറിയിച്ചു.
















Comments