മുംബൈ: ബിനോയ് കോടിയേരിക്കെതിരെ ബിഹാർ സ്വദേശിനി നൽകിയ പീഡനക്കേസ് ഒത്തുതീർന്നെന്ന് ഹർജി. ബിനോയ് കോടിയേരിയും ബിഹാർ സ്വദേശിനിയുമാണ് ബോംബെ ഹൈക്കോടതിയിൽ അപേക്ഷ നൽകിയത്. കുട്ടിയുടെ ഭാവി പരിഗണിച്ച് കേസ് അവസാനിപ്പിക്കുന്നുവെന്നാണ് അപേക്ഷയിലുള്ളത്. എന്നാൽ ഇരുവരും കോടതിയിൽ കേസ് ഒത്തുതീർപ്പിലെത്തിയെന്നു കാണിച്ച് നൽകിയ അപേക്ഷ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. കോടതിയിൽ സമർപ്പിച്ച ഒത്തുതീർപ്പു കരാറിൽ തങ്ങളുടെ കുട്ടി വളർന്നുവരുകയാണെന്നും അവന്റെ ഭാവിയെ ഓർത്താണ് കേസ് ഒത്തുതീർക്കാൻ തീരുമാനിച്ചതെന്നും ബിനോയ് കോടിയേരിയും യുവതിയും ഒപ്പിട്ട രേഖയിൽ പറയുന്നുണ്ട്.
ബിനോയ് കോടിയേരിയാണ് കുട്ടിയുടെ അച്ഛനെന്ന് കാണിച്ച് ബിഹാർ സ്വദേശിനിയാണ് ആദ്യം പരാതിയുമായി രംഗത്തെത്തിയത്. എന്നാൽ പരാതി വ്യാജമാണെന്ന് ആരോപിച്ച് ബിനോയ് കോടിയേരി ബോംബെ ഹൈക്കോടതിയെ സമീപിച്ചു. എഫ് ഐ ആർ റദ്ദാക്കണമെന്നും ബിനോയ് ആവശ്യപ്പെട്ടിരുന്നു. ആ സമയത്താണ് ഡിഎൻഎ പരിശോധന നടത്തി പിതൃത്വം തെളിയിക്കണമെന്ന ആവശ്യം കോടതി തന്നെ മുന്നോട്ട് വയ്‌ക്കുന്നത്. അതിന്മേലാണ് ഡിഎൻഎ പരിശോധന അടക്കം നടത്തിയത്.
പരിശോധനാഫലം ഏതാണ്ട് രണ്ട് വർഷത്തോളമായി ബോംബെ ഹൈക്കോടതി രജിസ്ട്രാറുടെ പക്കലുണ്ട്. സീൽ ചെയ്ത കവറിലാണ് ഇതുള്ളത്. ഇതു തുറന്ന് പരിശോധിക്കുന്നതടക്കമുള്ള നടപടികൾ മന്ദഗതിയിലായിരുന്നു. ഇതിനിടയിലാണ് കേസ് ഒത്തു തീർപ്പാക്കുന്നു എന്ന് കാണിച്ച് ബിനോയിയും യുവതിയും കോടതിയെ സമീപിച്ചത്. കുട്ടിയുടെ ഭാവി പരിഗണിച്ച് ഒത്തു തീർപ്പിലേക്ക് പോകുന്നുവെന്നാണ് ഇരുവിഭാഗവും പറയുന്നത്. എന്നാൽ ഇത് ക്രിമിനൽ കേസാണെന്നും, കൂടുതൽ വശങ്ങൾ പരിശോധിച്ച ശേഷമേ കൂടുതൽ തീരുമാനമെടുക്കാൻ കഴിയൂ എന്ന് കോടതി മറുപടിയായി പറഞ്ഞിട്ടുണ്ട്. കേസ് മറ്റൊരു ദിവസത്തേക്ക് പരിഗണിക്കാനായി മാറ്റി.
ഒത്തുതീർപ്പ് ശ്രമങ്ങൾ നേരത്തെ മുതൽ നടന്നിരുന്നു. ജീവനാംശം അടക്കം നൽകി കേസ് അവസാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്ന വാർത്തകളും പുറത്ത് വന്നിരുന്നു. നിലവിൽ കോടതിക്ക് പുറത്താണ് ഇത്തരമൊരു ഒത്തുതീർപ്പ് നടന്നിരിക്കുന്നത്. എല്ലാ ധാരണകളും ആയതിന് ശേഷമാണ് ഇവർ കോടതിയിൽ അപേക്ഷ നൽകിയത്. അതിൻ പ്രകാരമാണ് ഇരുവരും ഒരുമിച്ച് ഒപ്പിട്ട അപേക്ഷ നൽകിയത്.
Comments