ദുബായ്: ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സ്മരണയോടെ ഗൾഫ് രാജ്യങ്ങൾ ഇന്ന് ബലി പെരുന്നാൾ ആഘോഷിക്കുന്നു. യുഎഇയിൽ മസ്ജിദുകളിലും ഈദ്ഗാഹുകളിലും നടന്ന പെരുന്നാൾ നമസ്‌കാരത്തിൽ ആയിരങ്ങൾ പങ്കെടുത്തു.
കൊറോണ നിയന്ത്രണങ്ങളിലായിരുന്ന കഴിഞ്ഞ രണ്ട് വർഷത്തിന് ശേഷമെത്തിയ ബലി പെരുന്നാളിനെ ആവേശപൂർവ്വമാണ് വിശ്വാസികൾ വരവേറ്റത്. പുതുവസ്ത്രം ധരിച്ച് പ്രാർത്ഥനാപൂർവ്വം ആയിരക്കണക്കിന് ആളുകൾ ഈദ്ഗാഹുകളിൽ പങ്കെടുത്തു. മാനവിക ഐക്യത്തിന്റെയും സമാധാനത്തിന്റെയും പതാകവാഹകരാകണമെന്ന ആഹ്വാനമാണ് പെരുന്നാൾ ഖുതുബയിൽ നിറഞ്ഞുനിന്നത്.
പെരുന്നാൾ നമസ്‌കാരത്തിനുശേഷം വിശുദ്ധ ബലികർമ്മത്തിനും തുടക്കമായി. വിവിധ എമിറേറ്റ് ഭരണാധികാരികളും അതാതു പ്രദേശത്തെ പള്ളികളിലും ഈദ്ഗാഹുകളിലുമായി നടന്ന പെരുന്നാൾ നമസ്‌കാരത്തിൽ പങ്കെടുത്തു. കൊറോണ ജാഗ്രത കൈവിടാതെയാണ് സ്വദേശികളും വിദേശികളും ഒരേ മനസ്സോടെ പെരുന്നാൾ ആഘോഷിക്കുന്നത്. ജാഗ്രത പാലിച്ചുവേണം ആഘോഷങ്ങളെന്ന് അധികൃതർ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് ഈദ്ഗാഹുകളും മറ്റ് ഒത്തുചേരലുകളും നടന്നത്.
പള്ളികളിലും ഈദ്ഗാഹുകളിലും സാമൂഹ്യ അകലം ഉറപ്പാക്കാൻ അധികൃതരുടെ പരിശോധനയും നടന്നു. പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി പ്രവാസി കൂട്ടായ്മകൾ പലവിധ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. റോഡ് അപകടങ്ങൾ ഒഴിവാക്കുന്നതിന് നിശ്ചയിച്ച വേഗപരിധികൾ പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. ആഘോഷങ്ങൾക്ക് സുരക്ഷ വർധിപ്പിക്കാനായി റോഡുകളിലും മാർക്കറ്റുകളിലും വാണിജ്യ മേഖലകളിലും പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്.














Comments