തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആർഎസ്എസ് വിരോധത്തിലെ ഇരട്ടത്താപ്പ് തുറന്നു കാണിച്ച് കൂടുതൽ ചിത്രങ്ങൾ പുറത്ത്. മതമൗലിക സംഘടനകളെ പ്രീണിപ്പിക്കാൻ ആർഎസ്എസ് വിരോധം പ്രകടിപ്പിക്കുമ്പോൾ നേരത്തെ പരിവാർ സംഘടനകളുടെ നിരവധി വേദികളിൽ വി ഡി സതീശൻ എത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. 2006 ൽ പറവൂരിൽ നടന്ന മതഭീകരവാദത്തെ കുറിച്ചുള്ള സെമിനാർ ഗുരുജി ഗോൾവൽക്കറുടെ ചിത്രത്തിന് മുന്നിൽ വി ഡി സതീശൻ നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്യുന്ന ചിത്രങ്ങൾ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ വി ബാബു പുറത്തുവിട്ടു.
ഗുരുജി ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പറവൂർ മനക്കപ്പടി സ്‌കൂളിൽ വച്ച് മതഭീകരവാദത്തെ കുറിച്ചു നടന്ന സെമിനാറിലാണ് അന്ന് വി.ഡി.സതീശൻ പങ്കെടുത്തത്. ‘ഭാരതാംബയുടേയും ഗുരുജി ഗോൾവൽക്കറിന്റേയും മുന്നിലെ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്ന ചിത്രമാണിത്. അന്ന് ഗോൾവൽക്കർ സതീശന് തൊട്ടുകൂടാത്തവനായിരുന്നില്ല. കെഎൻഎ ഖാദറിനെ വിമർശിച്ച സതീശൻ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിൽ സ്വയം ഒരു തെറ്റും കണ്ടെത്തിയിരുന്നില്ല. രാഷ്‌ട്രീയ സാഹചര്യം മാറുകയും ഇസ്ലാമിക തീവ്രവാദത്തെ പിന്തുണക്കുന്നതാണ് രാഷ്‌ട്രീയ നേട്ടത്തിന് നല്ലതെന്ന് കരുതുകയും ചെയ്യുന്ന സതീശൻ ഇപ്പോൾ പുട്ടിന് പീര പോലെ ഇടക്കിടെ ആർഎസ്എസിനെ ആക്രമിക്കുകയാണെന്നും’ ആർ വി ബാബു പരിഹസിച്ചു. അതേസമയം സംഭവത്തിൽ പ്രതികരിക്കാനില്ലെന്ന് വി.ഡി.സതീശൻ പറഞ്ഞു.
ആർഎസ്എസിനെ പരിഹസിച്ചു കൊണ്ടുള്ള പ്രസ്താവനയ്‌ക്ക് പിന്നാലെ ഭാരതീയ വിചാരകേന്ദ്രത്തിന്റെ ജില്ലാ സമ്മേളനത്തിൽ സതീശൻ പങ്കെടുത്തതിന്റെ ചിത്രം ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് സദാനന്ദൻ മാസ്റ്ററും പുറത്ത് വിട്ടിരുന്നു. 2013 ൽ തൃശൂർ എലൈറ്റ് ഇന്റർനാഷണലിൽ വെച്ച് നടന്ന ‘സ്വാമി വിവേകാനന്ദനും പ്രബുദ്ധ കേരളവും’ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനച്ചടങ്ങിൽ വിഡി സതീശൻ പങ്കെടുത്ത ചിത്രങ്ങളാണ് സദാനന്ദൻ മാസ്റ്റർ പങ്കുവച്ചത്. തന്റെ നീണ്ട പ്രസംഗത്തിനിടയിൽ വിചാര കേന്ദ്രം പ്രതിനിധാനം ചെയ്യുന്ന ഭാരതീയ ദർശനങ്ങളെക്കുറിച്ചും സ്വാമി വിവേകാനന്ദനെക്കുറിച്ചും സാത്വിക പ്രതിഭയായ പരമേശ്വർജിയെക്കുറിച്ചുമൊക്കെ ഇന്നത്തെ പ്രതിപക്ഷ നേതാവ് മനോഹരമായി പ്രതിപാദിച്ചുവെന്നും സദാനന്ദൻ മാസ്റ്റർ പറയുന്നു. കപട മതേതരത്വത്തെപ്പറ്റി അന്ന് സതീശൻ വിമർശിക്കുകയും ചെയ്തിരുന്നു. ദേശദ്രോഹമാണ് ഗുരുജിയുടെ ചിന്തകളെങ്കിൽ ആ ദർശനങ്ങൾ പ്രത്യയശാസ്ത്രമായി സ്വീകരിച്ച ഭാരതീയ വിചാര കേന്ദ്രത്തിന്റെ ചടങ്ങിൽ സതീശൻ മുഖ്യാതിഥിയായി എന്തിന് പങ്കെടുത്തുവെന്ന് സദാനന്ദൻ മാസ്റ്റർ ചോദിക്കുന്നു.
Comments