രാജ്യത്തെ നടുക്കിയ കൊലപാതകമായിരുന്നു ഉദയ്പൂരിലുണ്ടായത്. നൂപുർ ശർമ്മയെ പിന്തുണച്ചുവെന്ന് ആരോപിച്ച് മതമൗലികവാദികൾ കനയ്യലാൽ എന്ന യുവാവിനെ പട്ടാപകൽ കഴുത്തറുത്ത് കൊല്ലുകയും അത് വീഡിയോയിൽ പകർത്തി പ്രദർശിപ്പിക്കുകയും ചെയ്തു. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകത്തിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്. എന്നാൽ കൊലപാതകത്തെ ന്യായീകരിക്കുന്ന നടപടിയും ചില മതപുരോഹിതരിൽ നിന്നുണ്ടായി.
അജ്മീർ ദർഗയിലെ ചില ഖാദിമാർ കൊലപാതകത്തെ ന്യായീകരിച്ച് വന്നത് ജനങ്ങളിൽ ഞെട്ടലുണ്ടാക്കി. നിരവധി ഹിന്ദുക്കൾ നിത്യവും സന്ദർശിക്കുന്ന സ്ഥലമാണ് അജ്മീർ ദർഗ. എന്നാൽ ഖാദിമാരുടെ പ്രതികരണം വലിയ തിരിച്ചടിയായി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാജസ്ഥാനിൽ തലസ്ഥാനമായ ജയ്പൂർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ എത്തുന്ന സ്ഥലങ്ങളാണ് അജ്മീറും ഉദയ്പൂരും. ഇവിടെ ഹോട്ടലുകളിൽ മുറി കിട്ടുക എളുപ്പമല്ല, ഉദയ്പൂരിലെ കനയ്യലാലിന്റെ കൊലപാതകത്തിന് ശേഷവും ഈ കൊലപാതകത്തിന് ശേഷവും നൂപുർ ശർമ്മയ്‌ക്കെതിരെ അജ്മീർ ദർഗയിലെ ചില ഖാദിമാർ നടത്തിയ വിദ്വേഷ പ്രസംഗം ഹോട്ടൽ ബിസിനസിലും എണ്ണത്തിലും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
ദർഗ സന്ദർശിക്കുന്ന ആളുകളുടെ എണ്ണത്തിൽ വൻ കുറവുണ്ടായി. രണ്ട് സംഭവങ്ങൾക്ക് ശേഷം അജ്മീറിലും ഉദയ്പൂരിലുമുള്ള ആളുകൾ തങ്ങളുടെ ഹോട്ടൽ ബുക്കിംഗ് റദ്ദാക്കുകയാണെന്ന് ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. അജ്മീർ ദർഗയിലേക്ക് ആളുകൾ പോകുന്നത് ഇതിലും കുറവാണ്. ഇത് രാജസ്ഥാന്റെ ടൂറിസം അധിഷ്ഠിത സമ്പദ്വ്യവസ്ഥയ്‌ക്ക് ആഴത്തിലുള്ള മുറിവുണ്ടാകുമെന്ന് ടൂറിസം രംഗത്തെ വിദഗ്ധർ വിലയിരുത്തുന്നു.
ആളുകൾ തുടർച്ചയായി ബുക്കിംഗ് റദ്ദാക്കുന്നുണ്ടെന്ന് പല ഹോട്ടലുകളുടെയും മാനേജർമാർ വ്യക്തമാക്കി. ഹോട്ടലുകൾ ഒഴിഞ്ഞുകിടക്കുന്നു. ഭക്ഷണത്തിനായി തിരക്ക് അനുഭവപ്പെട്ടിരുന്ന റസ്റ്റോറന്റുകളിൽ ഇപ്പോൾ കുറച്ച് ഉപഭോക്താക്കൾ മാത്രമാണ് എത്തുന്നത്. വെള്ളിയാഴ്ചയാണ് ഏറ്റവും കൂടുതൽ ആളുകൾ അജ്മീർ ദർഗയിൽ ആരാധനയ്‌ക്കായി എത്തിയിരുന്നത്. നൂപുർ ശർമ്മയെക്കുറിച്ച് ചില ഖാദിമാർ വിദ്വേഷ പ്രസംഗം നടത്തിയയതിനെ തുടർന്ന് വെള്ളിയാഴ്ച വളരെ കുറച്ച് ആളുകൾ മാത്രമാണ് ദർഗയിലെത്തിയത്. ദർഗയ്‌ക്ക് ചുറ്റും ധാരാളം കടകളുണ്ട്. ഈ കടയുടമകളും ഉപഭോക്താക്കളുടെ അഭാവം മൂലം ബുദ്ധിമുട്ടുകയാണ്. ഇങ്ങനെപോയാൽ വീട്ടിലെ നിത്യചെലവ് നടത്തിക്കൊണ്ടുപോകാൻ ബുദ്ധിമുട്ടാകുമെന്നും അവർ പറഞ്ഞു.
ഉദയ്പൂർ വളരെ ശാന്തമായ നഗരമായാണ് കണക്കാക്കപ്പെടുന്നതെന്നും ഇവിടെ ഒരിക്കലും വിദ്വേഷപരമായ കുറ്റകൃത്യം നടന്നിട്ടില്ലെന്നും രാജസ്ഥാൻ അസോസിയേഷൻ ഓഫ് ടൂർ ഓപ്പറേറ്റേഴ്സിന്റെ സെക്രട്ടറി സഞ്ജയ് കൗശിക് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. കനയ്യലാലിന്റെ കൊലപാതകം ഉദയ്പൂരിനെ മാത്രമല്ല രാജസ്ഥാനെ മുഴുവൻ ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൗശിക് പറയുന്നതനുസരിച്ച്, വിനോദസഞ്ചാരമാണ് ഇവിടുത്തെ പ്രധാന ബിസിനസ്. എന്നാൽ ഇപ്പോൾ സ്ഥിതി തികച്ചും വിചിത്രമായി തോന്നുന്നു. എല്ലാ വിനോദസഞ്ചാരികളും ഉദയ്പൂരിലെ ഹോട്ടലുകളുടെ ബുക്കിംഗ് റദ്ദാക്കിയതായും അദ്ദേഹം പറഞ്ഞു.
Comments