ലക്‌നൗ : കാൻവാർ തീർത്ഥാടന യാത്ര നടത്താൻ നിശ്ചയിച്ചിട്ടുള്ള പ്രദേശങ്ങളിൽ മാംസ വിൽപ്പന നിരോധിക്കാനൊരുങ്ങി യോഗി സർക്കാർ. പ്രദേശത്തെ തുറന്ന മാംസക്കടകൾ അടയ്‌ക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച് ജില്ലാ പോലീസും ഭരണകൂടവും നടപടികൾ ആരംഭിച്ചു.
കൊറോണ വ്യാപനത്തെ തുടർന്ന് രണ്ട് വർഷം കാൻവാർ യാത്ര നടത്താൻ സാധിച്ചിരുന്നില്ല. ഈ വർഷം ജൂലൈ 14 ന് ആരംഭിക്കുന്ന കാൻവാർ യാത്രയ്‌ക്ക് വേണ്ട വിപുലമായ ഒരുക്കങ്ങൾ നടത്തിവരികയാണ്. അടുത്തിടെ നടന്ന യോഗത്തിൽ കാൻവാർ യാത്രക്കാർ സഞ്ചരിക്കുന്ന റോഡുകൾ വൃത്തിയാക്കാനും തുറസ്സായ സ്ഥലത്ത് മാംസം വിൽക്കുന്നത് നിരോധിക്കാനും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് സംസ്ഥാനത്തുടനീളം തീർത്ഥാടന യാത്ര സുരക്ഷിതമാക്കാൻ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി അവനീഷ് അവസ്തി പറഞ്ഞു.
തുറസ്സായ സ്ഥലത്ത് ഇറച്ചി വിൽപന നടത്താൻ പാടില്ലെന്ന് മാംസക്കച്ചവടക്കാരെ അറിയിച്ചെന്നും വ്യാപാരികളും അത് ഉറപ്പുനൽകിയതായും ബറെയ്‌ലിയിലെ സീനിയർ പോലീസ് സൂപ്രണ്ട് സത്യാർത്ഥ് അനിരുദ്ധ പങ്കജ് പറഞ്ഞു. കാൻവാർ യാത്രയ്‌ക്കായി നിശ്ചയിച്ചിട്ടുള്ള റോഡുകൾ നന്നാക്കാനുള്ള പ്രവർത്തനങ്ങൾ സംസ്ഥാനത്തുടനീളം ആരംഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ജില്ലാതല ഉദ്യോഗസ്ഥർ ഈ റൂട്ടുകളിൽ മെഡിക്കൽ ക്യാമ്പുകൾ തുടങ്ങാൻ ആലോചിക്കുന്നുണ്ട്.
ഡൽഹി, മദ്ധ്യപ്രദേശ്, പടിഞ്ഞാറൻ ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള വിശ്വാസികൾ ദേശീയ പാത 58 വഴി ഉത്തരാഖണ്ഡിലെത്തും. ഗൗതം ബുദ്ധ നഗർ, ഗാസിയാബാദ്, സഹരൻപൂർ, മുസാഫർനഗർ, മീററ്റ് എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന ഹൈവേ വഴിയാണ് ഹരിദ്വാറിൽ എത്തുക.
ഡൽഹി, ഹരിയാന, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ഭക്തർ സഹരൻപൂർ, ഷാംലി, ബാഗ്പത് ജില്ലകൾ വഴിയും ഇവിടെയെത്തും. മൊറാദാബാദിൽ നിന്നും ബറെയ്‌ലിയിൽ നിന്നും ധാരാളം ഭക്തർ ബിജ്നോർ, അംറോഹ വഴി ഹരിദ്വാറിലെത്തുന്നതും പതിവാണ്.
















Comments