ന്യൂഡൽഹി: അമർനാഥ് യാത്ര തിങ്കളാഴ്ച പഞ്ചതരണി ഭാഗത്ത് നിന്ന് പുനരാരംഭിച്ചു.സിആർപിഎഫിന്റെ കനത്ത സുരക്ഷയിൽ ഭഗവതി നഗറിൽ നിന്നും 4,026 തീർത്ഥാടകർ 110 വാഹനങ്ങളിൽ പുറപ്പെട്ടതായി അധികൃതർ അറിയിച്ചു.
ദർശനത്തിനായി തീർത്ഥാടകർ പഞ്ജതർണി പാതയിലൂടെ പോകണമെന്നും തിരികെ വരുന്നവർ ബാൽത്തൽ വഴി ഉപയോഗിക്കണമെന്നും ഇൻഡോ ടിബറ്റൻ ബോർഡർ പോലീസിന്റെ പബ്ലിക്ക് റിലേഷൻ ഓഫീസർ വിവേക് കുമാർ വ്യക്തമാക്കി. പ്രതികൂല കാലാവസ്ഥ കാരണം ഇന്ന് ബാൽത്തൽ വഴിയിൽ പ്രവേശനമില്ലെന്നും അറിയിച്ചിട്ടുണ്ട്. ഇന്ന് പുനാരാരംഭിച്ച യാത്രയിൽ രാവിലെ മാത്രം 7,000 ത്തോളം തീർത്ഥാടകർ ഈ വഴി ഉപയോഗിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു.
16 പേരുടെ മരണത്തിനിടയാക്കിയ മേഘവിസ്‌ഫോടനത്തെ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസമായി യാത്ര നിർത്തിവെച്ചിരുന്നു.വെള്ളിയാഴ്ചയുണ്ടായ മേഘവിസ്‌ഫോടനത്തെ തുടർന്നാണ് യാത്രയ്‌ക്ക് നിരോധനം ഏർപ്പെടുത്തിയത്. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 16 പേർ മരണപ്പെട്ടു. നൂറോളം പേരെ കാണാതായി. പരിക്കേറ്റ 34 പേരെ ഹെലിക്കോപ്റ്റർ മാർഗം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ത്യൻ വ്യോമസേന ഹെലികോപ്ടറുകളും റഡാറുകളും ഉൾപ്പെടെ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്.
പ്രകൃതിക്ഷോഭം ഉണ്ടാകുന്നതിന് മുൻപ് 6,300 ത്തോളം വരുന്ന തീർത്ഥാടകർ യാത്ര പുറപ്പെട്ടിരുന്നു. ഇതിൽ 4,864 പുരുഷന്മാരും 1,284 സ്ത്രീകളും 56 കുട്ടികളും 127 സാധുമാരും 19 സാധ്വികളും ഒരു ട്രാൻസ്‌ജെൻഡറും ഉൾപ്പെടുന്നു. ഇവർ യാത്ര ആരംഭിച്ചതിന് ശേഷമാണ് മേഘവിസ്ഫോടനം ഉണ്ടാവുകയും ആളുകൾ അപകടത്തിൽ പെടുകയും ചെയ്തത്.
ദക്ഷിണ കശ്മീരിലെ അനന്ത്നാഗിലെ പഹൽഗാമിലെ നുൻവാൻ, മധ്യ കശ്മീരിലെ ഗന്ദർബാൽ ജില്ലയിലെ ബൽതാൽ ക്യാമ്പ് എന്നീ ബേസ് ക്യാമ്പുകളിൽ നിന്നാണ് തീർത്ഥാടനം ആരംഭിച്ചത്. ജൂൺ 30 ന് ആരംഭിച്ച യാത്ര രക്ഷാ ബന്ധൻദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 11 ന് അവസാനിക്കും.
















Comments