ന്യൂഡൽഹി: പാക് ചാരസംഘടനയായ ഐഎസ്‌ഐക്ക് വേണ്ടി ഇന്ത്യയിൽ നിന്ന് നിരവധി തവണ ചാരവൃത്തി നടത്തിയിരുന്നുവെന്ന് തുറന്ന് സമ്മതിച്ച് പാകിസ്താൻ മാദ്ധ്യമപ്രവർത്തകൻ നുസ്രത്ത് മിർസ. 2005 മുതൽ 2011 വരെ യുപിഎ ഭരണകാലത്താണ് ഇന്ത്യയിലെത്തി ചാരപ്രവൃത്തി ചെയ്തത്. അന്നത്തെ ഉപരാഷ്‌ട്രപതി ഹാമിദ് അൻസാരിയുമായി തനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നെന്നും മിർസ പറഞ്ഞു. പാകിസ്താൻ മാദ്ധ്യമപ്രവർത്തകനും യൂട്യൂബറുമായ ഷക്കീൽ ചൗധരിയുമായി നടത്തിയ സംഭാഷണത്തിലാണ് നിർണായക വെളിപ്പെടുത്തൽ.
പാകിസ്താന്റെ നിലനിൽപ്പിന് ഇന്ത്യ ഭീഷണിയായിരുന്നെങ്കിൽ എന്തുകൊണ്ട് പാക് ചാരന്മാർ ഇന്ത്യയിൽ പ്രവർത്തിച്ചില്ല എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മിർസ. 2005 ൽ ചണ്ഡീഗഢിലും 2006 ൽ ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലും താൻ സന്ദർശിച്ചിട്ടുണ്ടെന്ന് മിർസ വെളിപ്പെടുത്തി. കൊൽക്കത്ത, പട്‌ന, തുടങ്ങിയ സ്ഥലങ്ങളിലും സന്ദർശനം നടത്തിയിട്ടുണ്ട്.
”സാധാരണയായി, ഇന്ത്യയിലേക്കുള്ള വിസയ്‌ക്ക് അപേക്ഷിക്കുമ്പോൾ, മൂന്ന് സ്ഥലങ്ങൾ സന്ദർശിക്കാൻ മാത്രമേ അനുവദിക്കൂ. എന്നാൽ, അക്കാലത്ത് ഏഴ് നഗരങ്ങളിലേക്ക് വിസ ലഭിക്കാൻ എന്നെ സഹായിച്ചത് പാകിസ്താൻ വിദേശകാര്യ മന്ത്രി ഖുർഷിദ് കസൂരിയായിരുന്നു. ഇന്ത്യ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് ആ യാത്രകളിലൂടെ ഞാൻ മനസിലാക്കി. ഇന്ത്യൻ മുസ്ലീങ്ങൾ ജീവിക്കുന്ന സാഹചര്യങ്ങൾ പഠിച്ചു. ഇന്ത്യയിലെ ഉറുദു പത്രങ്ങളുടെ എല്ലാ എഡിറ്റർമാരുമായും എന്റെ ചങ്ങാതികളായിരുന്നു . പല വാർത്താ ചാനൽ ഉടമകളും എന്റെ നല്ല സുഹൃത്തുക്കളാണ്. ഇന്ത്യ സന്ദർശിച്ചപ്പോഴെല്ലാം അവർക്ക് ഞാൻ നിരവധി അഭിമുഖങ്ങൾ നൽകിയിട്ടുണ്ട്’ മിർസ പറഞ്ഞു.
2010 ൽ അന്നത്തെ ഉപരാഷ്‌ട്രപതി ഹാമിദ് അൻസാരി തീവ്രവാദത്തെക്കുറിച്ചുള്ള ഒരു സെമിനാറിലേക്ക് തന്നെ ക്ഷണിച്ചതായി മിർസ പറഞ്ഞു . ഈ വിഷയത്തിൽ താൻ വിദഗ്ധനല്ലെന്ന് അറിയിച്ചെങ്കിലും തങ്ങൾ മുഗളന്മാരായത് കൊണ്ടും വർഷങ്ങളോളം ഇന്ത്യ ഭരിച്ചത് കൊണ്ടും അവരുടെ സംസ്‌കാരം താൻ മനസിലാക്കിയിരുന്നു. ഇന്ത്യക്കാരുടെ അവരുടെ ബലഹീനതകൾ തനിക്കറിയാം. രാജ്യത്ത് നിന്നും ഇത്തരത്തിൽ നിരവധി വിവരങ്ങളും ചോർത്തി നൽകിയിട്ടുണ്ട്. പക്ഷേ, പാകിസ്താനിൽ മികച്ച നേതൃത്വത്തിന്റെ അഭാവം കാരണം ഇന്ത്യയെക്കുറിച്ച് താൻ ശേഖരിച്ച വിവരങ്ങൾ ഉപയോഗിക്കപ്പെട്ടില്ല. 2011ലെ ഇന്ത്യാ സന്ദർശന വേളയിൽ, ദ മില്ലി ഗസറ്റിന്റെ പബ്ലിഷറായ സഫറുൽ ഇസ്ലാം ഖാനെ കണ്ടിരുന്നതായും മിർസ പറഞ്ഞു.
ഇന്ത്യയിൽ നിന്നും ചോർത്തിയെടുത്ത വിവരങ്ങൾ ശരിയായ രീതിയിൽ ഉപയോഗിക്കാതിരുന്ന പാകിസ്താനിലെ രാഷ്‌ട്രീയ നേതാക്കളെയും മിർസ കുറ്റപ്പെടുത്തി. പാകിസ്താനിൽ ഒരു പുതിയ ചീഫ് വരുമ്പോൾ, അദ്ദേഹം മുൻ മേധാവി ചെയ്ത ജോലികൾ തുടച്ചുനീക്കും. താൻ നൽകിയ വിവരങ്ങൾ സൈനിക വിഭാഗം ഉപയോഗിപ്പെടുത്താൻ ശ്രമിച്ചിരുന്നു. കൂടുതൽ വിവരങ്ങൾ ലഭിക്കുമോ എന്നും അവർ ചോദിച്ചിട്ടുണ്ട്. ഇന്ത്യയിലെ നേതൃത്വത്തിന്റെ ദൗർബല്യങ്ങളെക്കുറിച്ച് അവർക്ക് അറിയാമായിരുന്നു. എന്നാൽ അത് എങ്ങനെ ഉപയോഗിക്കണമെന്ന് അവർക്ക് കണ്ടെത്താനായില്ല. എഫ്എടിഎഫ് വന്നതിന് ശേഷം പാകിസ്താൻ ഇന്ത്യയിൽ ഒരു പ്രവർത്തനവും നടത്തിയിട്ടില്ലെന്നും മിർസ പറഞ്ഞു.
ഇന്ത്യയിൽ 29 സംസ്ഥാനങ്ങളുണ്ട്. അതിൽ 15 എണ്ണം ഞാൻ സന്ദർശിച്ചിട്ടുണ്ട്. അക്കാലത്ത് ലോക്‌സഭയിലും രാജ്യസഭയിലും 56 മുസ്ലീം അംഗങ്ങളാണ് ഉണ്ടായിരുന്നത്. അവർ എല്ലാവരുമായും തനിക്ക് സൗഹൃദബന്ധമുണ്ടായിരുന്നു. അവർ നിരവധി സഹായങ്ങളും ചെയ്ത് തന്നിട്ടുണ്ട്. 60-കളിലെ ഇന്ത്യയെക്കുറിച്ചുള്ള പുസ്തകങ്ങൾ തങ്ങളുടെ പക്കലുണ്ടെന്നും മിർസ വാദിച്ചു.
ഇന്ത്യയിൽ എവിടെയാണ് വിഘടനവാദികൾ ഉള്ളതെന്ന് തനിക്കറിയാം. ഇന്ത്യയുടെ എല്ലാ മേഖലകളിലും വിഘടനവാദികൾ പ്രവർത്തിക്കുന്നുണ്ടെന്നതിൽ യാതൊരു സംശയവുമില്ല. കശ്മീരിലും ബംഗാളിലുമാണ് പ്രധാനമായും ഇത്തരം മൂവ്‌മെന്റുകൾ നടത്തുന്നത്. എന്നാൽ ഫണ്ട് ലഭിക്കാത്തത് കൊണ്ടാണ് അവ വളരാതിരിക്കുന്നത് എന്നും മിർസ പറഞ്ഞു.
Comments