തിരുവനന്തപുരം ; സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരും. ഈ സാഹചര്യത്തിൽ ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് ശേഷം മഴ കൂടുതൽ ശക്തമാകാൻ സാധ്യതയുണ്ട്. അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
നാളെ വീണ്ടും മഴ കനക്കുമെന്നാണ് സൂചന. ഒഡീഷയ്ക്കും ആന്ധ്രയ്ക്കും മുകളിലായുള്ള ന്യൂനമർദ്ദവും ഗുജറാത്ത്-കേരളാ തീരത്തെ ന്യൂനമർദ്ദപാത്തിയുമാണ് മഴ കനക്കുന്നതിന് കാരണം.
മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കേരള തീരത്ത് 12 ാം തീയ്യതീ രാത്രി 11.30 വരെ 3.0 മുതൽ 3.7 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ അറിയിപ്പുണ്ട്.
Comments