കുട്ടനാട്: മഹാമാരിയ്‌ക്ക് ശേഷം സംസ്ഥാനത്തെ വള്ളം കളി മത്സരങ്ങൾ സജീവമാകുന്നു.ആലപ്പുഴ ഇന്ന് വള്ളംകളി ആവേശത്തിൽ. പ്രശസ്തമായ ചമ്പക്കുളം മൂലം ജലോത്സവത്തിന് ഇന്ന് തിരി തെളിയും. രാജപ്രമുഖൻ ട്രോഫിക്കുവേണ്ടിയുള്ള മത്സരത്തിൽ ഇത്തവണ ഒൻപത് വള്ളങ്ങളാകും മാറ്റുരയ്‌ക്കുക. വഞ്ചിപ്പാട്ടിന്റെയും താളമേളത്തിന്റെയും ആരവത്തിൽ ഇന്ന് ഉച്ചതിരിഞ്ഞ് കൃഷി മന്ത്രി പി പ്രസാദ് ഉദ്ഘാടനം നിർവഹിക്കും. മൂന്നു മണിയോട് കൂടി മത്സരം ആരംഭിക്കും.
ഉദ്ഘാടന ചടങ്ങിൽ എംപി കൊടിക്കുന്നേൽ സുരേഷ്, എംഎൽഎ തോമസ് കെ തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെജി രാജേശ്വരി തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. മത്സരത്തിന് മുന്നോടിയായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രതിനിധികൾ ചമ്പക്കുളം മടത്തിൽ ക്ഷേത്രം, മാപ്പിളശ്ശേരി കുടുംബം, കല്ലൂർക്കാട് സെന്റ് മേരീസ് ബസിലിക്ക എന്നിവിടങ്ങൾ സന്ദർശിക്കും.
കാരിച്ചാൽ, സെന്റ് ജോർജ്, ആയാപറമ്പ് വലിയ ദിവാൻജി, ജവഹർ തായങ്കരി, നടുഭാഗം, ചമ്പക്കുളം, ചമ്പക്കുളം- 2, ആനാരി പുത്തൻ ചുണ്ടൻ, ആയാപറമ്പ് പാണ്ടി എന്നിവയാണ് മൂലം വള്ളംകളിയിൽ മത്സരിക്കുന്ന ഒമ്പത് ചുണ്ടൻ വള്ളങ്ങൾ. വളളങ്ങൾക്ക് ഇത്തവണ ബോണസ് നൽകില്ലെന്ന് അറിയിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിമൂലം ചെറുവള്ളങ്ങളെ ഒഴിവാക്കി മത്സരങ്ങൾ നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും പ്രതിഷേധത്തെ തുടർന്ന് രജിസ്‌ട്രേഷൻ അനുവദിച്ചിരുന്നു. എന്നാൽ ചെറുവള്ളങ്ങൾ ഒന്നും തന്നെ രജിസ്റ്റർ ചെയ്യാത്തതിനാൽ ചുണ്ടൻ വള്ളങ്ങൾ മാത്രമാകും ഇന്ന് മാറ്റുരയ്‌ക്കുക.
68-ാമത് നെഹ്റു ട്രോഫി വള്ളംകളി സെപ്റ്റംബർ 4 ന് നടക്കും. ഈ വർഷത്തെ ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ആദ്യ മത്സരം കൂടിയാകും ഇത്. രണ്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് മത്സരങ്ങൾ നടക്കുന്നത്. 2019 ഓഗസ്റ്റ് 31 നാണ് അവസാനമായി മത്സരം നടന്നത്.
Comments