ലക്‌നൗ: ജ്ഞാൻവാപി മസ്ജിദ് കേസിൽ വാരാണസി ജില്ലാ കോടതിയിൽ വിചാരണ ഇന്ന് മുതൽ പുന:രാരംഭിക്കും. കേസിൽ ഒരാഴ്ചയ്‌ക്ക് ശേഷമാണ് വാദം വീണ്ടും കേൾക്കാനാരംഭിക്കുന്നത്. ഹിന്ദു വിഭാഗത്തിന്റെ ഹർജിയിലാണ് കോടതി വാദം കേൾക്കുക.
ജൂലൈ നാലിനാണ് അവസാനമായി ഹർജിയിൽ വാദം കേട്ടത്. അൻജുമാൻ ഇന്തെസാമിയ മസ്ജിദ് കമ്മിറ്റിയുടെ ഹർജിയിലായിരുന്നു വാദം. ഇതിന് ശേഷം കേസിൽ വാദം കേൾക്കുന്നത് കോടതി ഇന്നേക്ക് മാറ്റിവയ്‌ക്കുകയായിരുന്നു.
ജ്ഞാൻവാപി മസ്ജിദിൽ ശിവലിംഗം കണ്ടെത്തിയ സ്ഥലത്ത് ആരാധന നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുക്കൾ നൽകിയ ഹർജി നിലനിൽക്കില്ലെന്നായിരുന്നു മുസ്ലീം വിഭാഗം കോടതിയെ അറിയിച്ചത്. ഇക്കാര്യം സാധൂകരിക്കുന്നതിനായി 1991 ലെ ആരാധനാ നിയമവും ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം ജ്ഞാൻവാപി മസ്ജിദ് കേസിൽ ഹിന്ദു ഭാഗത്തിന്റെ വാദം രണ്ട് ദിവസത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഹിന്ദു വിഭാഗം അഭിഭാഷകൻ വിഷ്ണു ജെയ്ൻ. വിചാരണ ദിവസേന നടത്താൻ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം കോടതി അംഗീകരിച്ചാൽ വേഗത്തിൽ ഹിന്ദു ഭാഗത്തിന്റെ വാദം പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Comments