ബംഗളൂരു : വീടിനുള്ളിൽ അതിക്രമിച്ച് കയറി വീട്ടുടമയെ ഭീഷണിപ്പെടുത്തി മൂന്നംഗ സംഘം പണവും സ്വർണ്ണവും മോഷ്ടിച്ചു. 400 ഗ്രാം സ്വർണ്ണവും 5 ലക്ഷം രൂപയുമാണ് മോഷ്ടിച്ചത് . കെങ്കേരി സ്വദേശിയായ ജ്യോതിഷി പ്രമോദ് കുമാറിന്റെ (45) വീട്ടിലാണ് മൂവർ സംഘം അതിക്രമിച്ച് കയറിയത്. സംഭവത്തിൽ ഇയാൾ പോലീസിൽ പരാതി നൽകി.
ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കെങ്കേരി റെയിൽവേ സ്റ്റേഷന് സമീപമാണ് പ്രമോദ് കുമാറിന്റെ വീട്. സംഭവ ദിവസം രാവിലെ ഒമ്പത് മണിയോടെ മൂന്ന് പേർ ആയുധങ്ങളുമായി എത്തുകയായിരുന്നെന്ന് ഇയാൾ പറയുന്നു. തുടർന്ന് സംഘം അക്രമിച്ചതായും ഭീഷണിപ്പെടുത്തിയതായും പ്രമോദ് വ്യക്തമാക്കുന്നു. അക്രമത്തിൽ ജ്യോതിഷിക്ക് മുഖത്തും ശരീരത്തിലും പരിക്കുകൾ സംഭവിച്ചിട്ടുണ്ട്.
സംഘം വീട് വിട്ട് പോയതിന് പിന്നാലെ പ്രമോദ് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഏകദേശം നാല് മണിക്കൂറുകളോളം പ്രതികൾ വീട്ടിൽ ചെലവഴിച്ചതായും, 400 ഗ്രാം സ്വർണ്ണവും 5 ലക്ഷം രൂപയും മോഷ്ടിച്ചതായും ഇയാൾ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
അതേസമയം അക്രമികൾ അപരിചിതരാണെന്നും അവരെ തനിക്ക് അറിയില്ലെന്നും പ്രമോദ് പോലീസിന് മൊഴി നൽകി. അക്രമികളെ കുറിച്ച് വിവരങ്ങൾ ലഭിച്ചതായി പോലീസും വ്യക്തമാക്കി . സംഭവത്തിൽ അന്വേഷണം പോലീസ് ഊർജിതമാക്കി.
Comments