തിരുവനന്തപുരം : എകെജി സെന്ററിന് നേരെ നടന്ന പടക്കമേറിൽ ഇതുവരെ പ്രതിയെ കണ്ടെത്താനാവാത്തതിൽ പോലീസിനെ ന്യായീകരിച്ച് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. കുപ്രസിദ്ധ കുറ്റവാളി സുകുമാരക്കുറുപ്പിനെ കണ്ടെത്താനാവാത്ത സംഭവവുമായാണ് ജയരാജൻ ഈ കേസിനെ താരതമ്യം ചെയ്തത്. കക്കാൻ പഠിച്ചവന് നിൽക്കാനുമറിയാം എന്നായിരുന്നു ജയരാജന്റെ വാക്കുകൾ.
എകെജി സെന്റർ ആക്രമണത്തിലെ പ്രതികളെ കണ്ടെത്താൻ ബുദ്ധിയും സാങ്കേതിക വിദ്യയും ഉപയോഗിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. പല സർക്കാറുകൾ മാറിവന്നിട്ടും സുകുമാരെക്കുറിപ്പിനെ ഇതുവരെ പിടികൂടാനായിട്ടില്ല. കക്കാൻ പഠിച്ചവന് നിൽക്കാനുമറിയാം.
കമ്യൂണിസ്റ്റുകാർ ആശയപരമായാണ് എതിരാളികളോട് ഏറ്റുമുട്ടാറുള്ളത് എന്നും രാഷ്‌ട്രീയ എതിരാളികളെ ആക്രമിച്ച് കീഴ്പ്പെടുത്തൽ പാർട്ടി ഒരുകാലത്തും ശ്രമിച്ചിട്ടില്ലെന്നും ജയരാജൻ പറഞ്ഞു. ആക്രമണവും ബോംബ് നിർമാണവുമൊന്നും തനിക്ക് അറിയില്ല. അതൊക്കെ കെ സുധാകരനോട് ചോദിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.
നടിയെ ആക്രമിച്ച കേസിൽ മുൻ ജയിൽ ഡിജിപി ആർ ശ്രീലേഖ നടത്തിയ പരാമർശത്തിൽ പരിശോധന വേണമെന്നും ഇ പി ജയരാജൻ ആവശ്യപ്പെട്ടു. വിരമിച്ച പല ഉദ്യോഗസ്ഥരും രാഷ്‌ട്രീയ താത്പര്യങ്ങൾ ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്നുണ്ടെന്നാണ് ജയരാജൻ പറഞ്ഞത്.
Comments