പയ്യന്നൂർ: പയ്യന്നൂരിലെ ആർഎസ്എസ് കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞവർ സിപിഎം ഓഫീസിലും എത്തിയേക്കുമെന്നും അതുകൊണ്ട് പോലീസ് അവിടെ ശക്തമായ നിരീക്ഷണവും കാവലും ഏർപ്പെടുത്തണമെന്ന് വത്സൻ തില്ലങ്കേരി. പയ്യന്നൂരിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി വലിയ രാഷ്‌ട്രീയ സംഘർഷങ്ങൾ ഇല്ല. ഈ സാഹചര്യത്തിലുളള ബോംബാക്രമണം ആസൂത്രിതമാണെന്ന് വത്സൻ തില്ലങ്കേരി പറഞ്ഞു. ഇന്ന് പുലർച്ചെ 1.30 ഓടെയാണ് പയ്യന്നൂരിലെ ആർഎസ്എസ് കാര്യാലയത്തിന് നേർക്ക് ബോംബേറ് ഉണ്ടായത്.
പയ്യന്നൂരിലെ സിപിഎം അരനൂറ്റാണ്ട് കാലത്തെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്. സിപിഎം നേതാക്കൻമാരിൽ പലരും സാമ്പത്തിക അഴിമതിയിൽ പെട്ട് ഉഴലുകയാണ്. കടുത്ത വിഭാഗീയതയും നേരിടുന്നു. പാർട്ടിയെ സ്‌നേഹിച്ചിരുന്ന പല ആളുകളും പാർട്ടി വിടുന്ന ലക്ഷണമാണ്. പാർട്ടിയെ മുന്നിൽ നിന്ന് നയിച്ച പ്രമുഖനായ നേതാവ് പോലും പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന് പ്രഖ്യാപിക്കുന്ന തരത്തിലുളള വിഭാഗീയതയും ആരോപണങ്ങളുമാണ് സിപിഎമ്മിനെതിരെ നിലനിൽക്കുന്നതെന്ന് വത്സൻ തില്ലങ്കേരി പറഞ്ഞു.
സംസ്ഥാനത്ത് സിപിഎമ്മിലെ അഴിമതിയും വിഭാഗീയതയും ചർച്ച ചെയ്യപ്പെടുന്നുണ്ട്. അതിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് ആക്രമണമെന്ന് പകൽപോലെ വ്യക്തമാണ്. പയ്യന്നൂരിൽ രാഷ്‌ട്രീയ സംഘർഷങ്ങളുടെ പേരിൽ നിരവധി ജീവനുകൾ നഷ്ടപ്പെടുകയും ജനങ്ങളുടെ സമ്പാദ്യം നഷ്ടപ്പെടുകയും ചെയ്ത് ദുരിതത്തിലായ പൂർവ്വകാല സാഹചര്യം ഉണ്ട്. അത്തരമൊരു സാഹചര്യം ഉണ്ടാക്കി ഇപ്പോഴത്തെ പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാമെന്ന കുത്സിത ബുദ്ധിയിൽ നിന്ന് ഉദിച്ച ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് ആക്രമണമെന്നും വത്സൻ തില്ലങ്കേരി പറഞ്ഞു.
ഇത് ചെയ്തവരുടെയും ചെയ്യിച്ചവരുടെയും ഉദ്ദേശ്യം സംഘർഷമുണ്ടാക്കുകയെന്നതാണ് ഈ ഒരു കെണിയിൽ സംഘപരിവാർ പ്രവർത്തകർ വീഴില്ല. സംയമനത്തോടെ സമാധാനത്തോടെ പ്രവർത്തകർ ഈ സാഹചര്യത്തെ തരണം ചെയ്യും. പോലീസ് ശക്തമായ അന്വേഷണം നടത്തി യഥാർത്ഥ കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നേരത്തെ നടത്തിയ ചർച്ചകളിൽ കണ്ണൂരിൽ സമാധാനം പുലരാൻ നിരവധി ധാരണകൾ ഉണ്ടാക്കിയിരുന്നു. അതിന് വിരുദ്ധമായ കാര്യമാണ് ഇപ്പോൾ സംഭവിച്ചത്. സിപിഎം നേതൃത്വം ആത്മപരിശോധന നടത്തി ഉചിതമായ തീരുമാനമെടുക്കണമെന്നും വത്സൻ തില്ലങ്കേരി ആവശ്യപ്പെട്ടു.
സംസ്ഥാനത്തെങ്ങും പ്രതിപക്ഷ പാർട്ടികളുടെ ഓഫീസുകൾക്ക് നേരെ ആക്രമണം നടക്കുന്നുണ്ട്. കോൺഗ്രസിന്റെ ഓഫീസുകൾ തകർക്കുന്നതുപോലെ അല്ല ആർഎസ്എസ് കാര്യാലയങ്ങൾ ആക്രമിക്കുന്നത്. അതിന് തിരിച്ചടി ഉണ്ടാകുമെന്ന് സിപിഎമ്മിന് അറിയാം. സിപിഎമ്മിന്റെ ഓഫീസുകൾ ഇതേ സംഘം തന്നെ ആക്രമിക്കാൻ സാദ്ധ്യതയുണ്ട്. അക്രമികളോട് പറയാനുളളത് നിങ്ങൾ ഈ ബോംബുമായി ചെല്ലേണ്ടത് പാർട്ടിക്കുളളിൽ സാമ്പത്തിക തിരിമറി നടത്തിയവർക്ക് നേരെയും പാർട്ടിയെ പൊതുജനമദ്ധ്യത്തിൽ നാണം കെടുത്തിയവർക്ക് നേരെയുമാണ് അല്ലാതെ ആർഎസ്എസ് കാര്യാലയത്തിലേക്ക് അല്ലെന്നും വത്സൻ തില്ലങ്കേരി പറഞ്ഞു.
Comments