ന്യൂഡൽഹി: ഉപ്പും കുരുമുളകും അഥവാ സാൾട്ട് ആൻഡ് പെപ്പർ എന്നത് തീൻമേശയിലെ ഏറ്റവും പ്രിയങ്കരമായ രണ്ട് പദാർത്ഥങ്ങളാണ്. ഒന്ന് ആഹാരത്തിന്റെ സ്വാദ് വർധിപ്പിക്കുമ്പോൾ മറ്റൊന്ന് ഭക്ഷണത്തിന്റെ രുചി അടിമുടി മാറ്റുന്നു. ഇനി ഉപ്പിനെയും കരുമുളകിനെയും തമ്മിൽ താരതമ്യം ചെയ്യുകയാണെങ്കിൽ, മറ്റൊരു പ്രത്യേകത നമുക്ക് കാണാനാകും. കുരുമുളകിന്റെ രുചിയെ അല്ലെങ്കിൽ കുരുമുളക് പൊടിയുടെ അഭാവത്തെ മറ്റെന്തെങ്കിലും കൊണ്ട് നമുക്ക് മറയ്‌ക്കാൻ സാധിക്കും. എന്നാൽ പകരം വെക്കാൻ ആളില്ലാത്ത സംഗതിയാണ് ഉപ്പ്.
അതുകൊണ്ട് തന്നെയാണ് നമുക്കിടയിൽ ഉപ്പിനോട് പ്രിയമുള്ളവർ ഏറുന്നത്. എന്നാൽ തീൻമേശയിൽ ഒഴിച്ചുകൂട്ടാൻ കഴിയാത്ത ഉപ്പ് നമ്മുടെ ആയുർദൈർഘ്യം കുറയ്‌ക്കുമെന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ? പലരുടെയും ആയുസ്സ് ഹ്രസ്വമാക്കി തീർക്കാൻ ഉപ്പിന് കഴിയുമെന്നതാണ് ഞെട്ടിപ്പിക്കുന്ന യാഥാർത്ഥ്യം..
ഇംഗ്ലണ്ടിലെ നാഷണൽ ഹെൽത്ത് സർവീസ് പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം, ഒരാൾ ഒരു ദിവസം ഒരു ടീസ്പൂണിൽ കൂടുതൽ ഉപ്പ് കഴിക്കരുതെന്നാണ് നിർദേശം. കാരണം ഉപ്പിലടങ്ങിയിട്ടുള്ള സോഡിയം എന്ന ഘടകം രക്തസമ്മർദ്ദം വർധിപ്പിക്കുമെന്നും ഇത് സ്ട്രോക്കിലേക്കോ ഹൃദയാഘാതത്തിലേക്കോ നയിച്ചേക്കാമെന്നുമാണ് റിപ്പോർട്ട്.
ടുലേൻ യൂണിവേഴ്സിറ്റി സ്‌കൂൾ ഓഫ് പബ്ലിക്ക് ഹെൽത്ത് ആൻഡ് ട്രോപ്പിക്കൽ മെഡിസിൻ പുറത്തുവിടുന്ന റിപ്പോർട്ട് പ്രകാരം ഭക്ഷണത്തിൽ കൂടുതലായി ഉപ്പ് ചേർത്ത് കഴിച്ചവർക്ക് ആയുർദൈർഘ്യം താരതമ്യേന കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. യൂറോപ്യൻ ഹാർട്ട് ജേണലിലെ റിപ്പോർട്ട് അനുസരിച്ച് 50 വയസിന് ശേഷമാണ് ഉപ്പ് കൂടുതലായി ഉപയോഗിച്ചതിന്റെ പ്രത്യാഘാതങ്ങൾ ഉണ്ടാകുകയെന്ന് പറയുന്നു. സ്ത്രീകളിലും പുരുഷൻമാരിലും 1.5 മുതൽ 2.28 വർഷം വരെ ആയുസ് കുറയ്‌ക്കാൻ ഉപ്പിന് കഴിയുമെന്നാണ് ജേണൽ വ്യക്തമാക്കുന്നത്.
അതുപോലെ മറ്റ് ആഹാര പദാർത്ഥങ്ങളേക്കാൾ പഴങ്ങളും പച്ചക്കറികളും കൂടുതലായി കഴിച്ചവർക്ക് നേരത്തെ മരണം സംഭവിക്കുന്നത് കുറവാണെന്നും കണ്ടെത്തിയിട്ടുണ്ട്. രക്തസമ്മർദ്ദത്തിന്റെ അളവ് നിയന്ത്രിക്കാൻ കഴിയുന്ന പോഷകമായ പൊട്ടാസ്യം ധാരാളമായി ലഭിക്കുന്നതിനാലാണിതെന്നാണ് വിലയിരുത്തൽ.
ആഹാരത്തിലെ ഉപ്പിന്റെ അംശവും അതിന്റെ ഉപയോഗവും സംബന്ധിച്ച് നടത്തിയ എല്ലാ പഠനങ്ങളും തെളിയിക്കുന്നത് മനുഷ്യായുസ്സുമായി ഉപ്പിന് ബന്ധമുണ്ടെന്നതാണ്. ഉപ്പ് കൂടുതലായി ഉപയോഗിക്കുന്നവരുടെ ശരീരത്തിൽ ജലാംശം കുറയുകയും ഭാരം കൂടുകയും ചെയ്യുമെന്നുമാണ് പറയപ്പെടുന്നത്. അതിനാൽ നല്ല ആരോഗ്യത്തിന് ഭക്ഷണത്തിലെ ഉപ്പിന്റെ അളവ് പരാമവധി കുറയ്‌ക്കുകയാണ് ഏറ്റവും ഉചിതമായ മാർഗം.
ഉപ്പിന്റെ അംശം കൂടുതലുള്ള ചില ആഹാര പദാർത്ഥങ്ങൾ:
ചീസ്-ബട്ടർ
സോയാ സോസ്
ടൊമാറ്റോ കെച്ചപ്പ്
പായ്‌ക്ക്ഡ് സൂപ്പ്
ബ്രഡ്
ഇൻസ്റ്റന്റ് നൂഡിൽസ്
അച്ചാറുകൾ
















Comments