കൊൽക്കത്ത : കാളി ദേവിയെ കുറിച്ച് പരാമർശം നടത്തിയതിന് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്കെതിരെ വീണ്ടും പരാതി . സിംഗ് ബാഹിനി എന്ന ഹിന്ദു സംഘടനയാണ് ഇവർക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. കൊൽക്കത്തയിലെ ആംഹെർസ്റ്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലാണ് സംഘടന പരാതി നൽകിയിരിക്കുന്നത്.
മഹുവ മൊയ്ത്ര ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയെന്നും, പോലീസ് അവർക്കെതിരെ നടപടി എടുക്കണം എന്നും സിംഗ് ബാഹിനിയുടെ പ്രസിഡന്റ് ദേബ് ദത്ത മാജ്ഹി പറഞ്ഞു. പരാമർശം നടത്തിയതിയതിന്റെ അടിസ്ഥാനത്തിൽ മൊയ്ത്ര അറസ്റ്റിലാകുന്നത് വരെ നിയമപോരാട്ടം നടത്താനുള്ള ബിജെപിയുടെ തീരുമാനത്ത് സിംഗ് ബാഹിനി പിന്തുണച്ചു. കൂടാതെ പത്ത് ദിവസത്തിനകം ഇവർക്കെതിരെ നടപടി എടുക്കണം എന്നും ഇല്ലെങ്കിൽ കോടതിയെ നേരിട്ട് സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാളി പരാമർശത്തിൽ വിവിധ സംസ്ഥാനങ്ങളിലായി അഞ്ചോളം കേസുകൾ ഇവർക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ കേസുകൾ രജിസ്റ്റർ ചെയ്ത സാഹചര്യങ്ങളിൽ അതിനെ ഒന്നും താൻ ഭയപ്പെടുന്നില്ലെന്നും താൻ കാളി ഭക്തയാണെന്നുമാണ് മഹുവ മൊയ്ത്ര പ്രതികരിച്ചിരുന്നത്.
‘എന്നെ സംബന്ധിച്ചടുത്തോളം കാളി മാംസാഹാരവും മദ്യവും സ്വീകരിക്കുന്ന ദേവിയാണ്. ഒരു കാളി ഭക്ത എന്ന നിലയിൽ കാളിയെ ആ രീതിയിൽ സങ്കൽപ്പിക്കാൻ എനിക്ക് അവകാശമുണ്ട്. അതാണ് എന്റെ സ്വാതന്ത്ര്യം’ എന്നായിരുന്നു മഹുവയുടെ പരാമർശം. സംവിധായിക ലീന മണിമേഖലയുടെ കാളി ഡോക്യുമെന്ററിയുടെ പോസ്റ്റർ വിവാദമായത് സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു മഹുവ മൊയ്ത്ര.
















Comments