ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിൽ സ്ഥാപിച്ചിരിക്കുന്ന ദേശീയ ചിഹ്നത്തെ ചൊല്ലിയുള്ള വിവാദങ്ങളിൽ കഴമ്പില്ലെന്ന് പുരാവസ്തു ഗവേഷകർ. പുതിയ പാർലമെന്റ് മന്ദിരത്തിലെ ദേശീയ ചിഹ്നം യഥാർത്ഥ സിംഹമുദ്രയുടെ തനി പകർപ്പാണെന്ന് പുരാവസ്തു വകുപ്പ് മുൻ എഡിജി ബി. ആർ. മണി വ്യക്തമാക്കി. സാരനാഥിലെ അശോക സ്തംഭത്തിലെ സിംഹമുദ്രയുമായി വലിപ്പത്തിൽ മാത്രമാണ് പുതിയ നിർമ്മിതിക്ക് വ്യത്യാസമെന്നും അദ്ദേഹം വാർത്താ ഏജൻസിയോട് പറഞ്ഞു.
‘1905ൽ ഖനനം ചെയ്തെടുത്ത അശോക സ്തൂപത്തിന്റെ തനി പകർപ്പാണ് പാർലമെന്റ് മന്ദിരത്തിന് മുകളിൽ സ്ഥാപിച്ചിരിക്കുന്നത്. എട്ടടിയോളം വലുപ്പമാണ് യഥാർത്ഥ സിംഹമുദ്രയ്‌ക്ക് ഉള്ളത്. എന്നാൽ പുതിയ നിർമ്മിതിക്ക് അതിന്റെ മൂന്നിരട്ടിയോളം വലിപ്പമുണ്ട്. ഈ അവസരത്തിൽ, ഇതിനെ ചൊല്ലി വിവാദം ഉണ്ടാക്കേണ്ട കാര്യമില്ല. ബി ആർ മണി പറഞ്ഞു. സാരാനാഥിലെ അശോക സ്തൂപത്തിലെ സിംഹമുദ്രയുടെ മികച്ച ഒരു പുനർനിർമ്മിതിയാണ് പാർലമെന്റ് മന്ദിരത്തിന് മുകളിൽ സ്ഥാപിച്ചിരിക്കുന്നതെന്നും ബി ആർ മണി അഭിപ്രായപ്പെട്ടു.
അശോക സ്തംഭത്തിന്റെ യഥാർത്ഥ പുനർനിർമ്മിതിയാണ് പാർലമെന്റ് മന്ദിരത്തിന് മുകളിൽ സ്ഥാപിക്കാൻ താൻ നടത്തിയത് എന്ന് വ്യക്തമാക്കി പുതിയ നിർമ്മിതിയുടെ ശിൽപ്പി സുനിൽ ദേവ്രയും രംഗത്ത് വന്നു. വലിയ ഗവേഷണങ്ങൾക്കും പഠനങ്ങൾക്കും ശേഷമാണ് നിർമ്മാണം നടത്തിയിരിക്കുന്നത്. ഇതിനായി ഹൈദരാബാദിലും ബംഗലൂരുവിലും പട്നയിലും സഞ്ചരിച്ചു. തികഞ്ഞ ആത്മാർത്ഥതയോടെയാണ് സ്തൂപം നിർമ്മിച്ചത്. വിവാദങ്ങൾ തന്നെ വേദനിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സാരാനാഥിലെ സ്തൂപത്തിലെ സിംഹങ്ങളുടെ ഭാവം സൗമ്യമാണെന്നും, എന്നാൽ പുതിയ ദേശീയ ചിഹ്നത്തിലെ ഭാവം രൗദ്രമാണ് എന്നുമായിരുന്നു കോൺഗ്രസിന്റെ ആക്ഷേപം. കോൺഗ്രസിന്റെ പ്രസ്താവനയുടെ പിൻപറ്റി പ്രധാനമന്ത്രിയെയും കേന്ദ്ര സർക്കാരിനെയും വിമർശിച്ച് തൃണമൂൽ കോൺഗ്രസ്, എ ഐ എം ഐ എം, സിപിഎം തുടങ്ങിയ പ്രതിപക്ഷ പാർട്ടികളും രംഗത്ത് വന്നിരുന്നു.
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ മദ്ധ്യഭാഗത്ത് മുകളിലായിട്ടാണ് ദേശീയ ചിഹ്നം സ്ഥാപിച്ചിരിക്കുന്നത്. 9500 കിലോ ഭാരവും 6.5 മീറ്റർ ഉയരുവുമുള്ള ചിഹ്നം പൂർണ്ണമായും വെങ്കലം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന അനാച്ഛാദന ചടങ്ങിൽ പ്രധാനമന്ത്രിക്കൊപ്പം ലോക്സഭ സ്പീക്കർ ഓം ബിർള, നഗരകാര്യമന്ത്രി ഹർദീപ് പുരി എന്നിവരും പങ്കെടുത്തിരുന്നു.
















Comments