പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസിൽ എസ്ഡിപിഐ- പോപ്പുലർഫ്രണ്ട് ഭീകരർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. പാലക്കാട് ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 26 പേർ പ്രതിയായ കേസിൽ 1607 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചിരിക്കുന്നത്. 897 പേജുകൾ കുറ്റപത്രത്തിന് മാത്രമായി മാറ്റിയിട്ടുണ്ട്. കേസിൽ 279 സാക്ഷികളാണ് ഉള്ളത്. 293 രേഖകളും 282 തെളിവുകളും ഹാജരാക്കിയിട്ടുണ്ട്.
2022 ഏപ്രിൽ 16 നാണ് പോപ്പുലർ ഫ്രണ്ട് ഭീകരവാദികൾ ശ്രീനിവാസനെ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്തിയത്. പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിന് പിന്നാലെയായിരുന്നു ഇത്. ഇരുചക്രവാഹനങ്ങളിലായി എത്തിയ ആറംഗ സംഘമാണ് മേലാമുറിയിലെ കടയിൽ നിന്ന ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയത്.
ശ്രീനിവാസന്റെ ശരീരത്തിൽ ആഴത്തിലുള്ള പത്തോളം മുറിവുകളുണ്ടായിരുന്നതായി പോസ്റ്റ് മോർട്ടത്തിൽ തെളിഞ്ഞിരുന്നു. തലയിൽ മൂന്ന് മുറിവുകളും കൈകാലുകളിൽ ആഴത്തിലുള്ള മുറിവുകളുമുണ്ടായിരുന്നു.
അതേസമയം കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകൻ റഷീദ് ഉൾപ്പെടെ 10 ത്തോളം പ്രതികൾ ഇപ്പോഴും ഒളിവിലാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ലഭിച്ചിട്ടുണ്ടെങ്കിലും പ്രതികളെ പൂർണമായി പിടികൂടാൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
Comments