തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് വിവിധ റോഡ് അപകടങ്ങളിലായി മരിച്ചത് എട്ട് പേർ. പത്തനംതിട്ട, പാലക്കാട്, വയനാട്, കൊച്ചി, കോട്ടയം എന്നിവിടങ്ങളിലായി അഞ്ച് മണിക്കൂറിനിടെ നടന്നത് അഞ്ച് അപകടങ്ങളാണ്. മഴയും റോഡിന്റെ മോശം അവസ്ഥയുമാണ് മിക്ക അപകടങ്ങൾക്കും കാരണമായത്.
രാവിലെ 6.30 ന് പത്തനംതിട്ടയിലെ അടൂരിൽ നടന്ന വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേരാണ് മരിച്ചത്. കാറുകൾ കൂട്ടിയിടിച്ചാണ് അപകടം നടന്നത്. അപകടത്തിൽ അച്ഛനും അമ്മയും മകനുമാണ് മരിച്ചത്. തിരുവനന്തപുരം മടവൂർ സ്വദേശികളായ രാജശേഖര ഭട്ടതിരി (66), ഭാര്യ ശോഭ( 63), മകൻ നിഖിൽ രാജ് (32) എന്നിവരാണ് മരിച്ചത്. അടുത്ത കാറിൽ ഉണ്ടായിരുന്ന നാല് പേർ പരിക്കേറ്റ് ചികിത്സയിലാണ്.
രാവിലെ 7.15 നാണ് പാലക്കാട് കല്ലടിക്കോട് വാഹനാപകടം ഉണ്ടായത്. ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് പേർ മരിച്ചു. മണ്ണാർക്കാട് പയ്യനടം രാജീവ് (49), മണ്ണാർക്കാട് കുന്ന് ജോസ് ശിവൻ (51) എന്നിവരാണ് മരിച്ചത്. ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ലോറിയും ബൈക്കുമാണ് കൂട്ടിയിടിച്ചത്. അപകടത്തെ തുടർന്ന് നിയന്ത്രണം വിട്ട ലോറി കല്ലടിക്കോട് പോലീസ് സ്റ്റേഷന്റെ മതിൽ ഇടിച്ച് തകർന്നു.
ബത്തേരിയിൽ രാവിലെ പത്ത് മണിയോടെയാണ് അടുത്ത അപകടമുണ്ടായത്. റോഡ് സൈഡിൽ നിർത്തിയിട്ട കാറിന്റെ ഡോറിൽ ബൈക്ക് യാത്രക്കാരൻ വന്നിടിച്ചു. റോഡിലേക്ക് തെറിച്ചുവീണ ഇയാളുടെ ദേഹത്ത് കൂടി വാഹനം കയറിയാണ് മരണം. മാവാടി ചെട്ടിയാങ്കണ്ടി റഫീഖ് (47) ആണ് മരിച്ചത്.
ആലുവയിൽ ഗുഡ്‌സ് ഓട്ടോ, സ്‌കൂട്ടറിലിടിച്ചാണ് അടുത്ത അപകടം. ചൂർണിക്കര പള്ളിക്കുന്ന് സ്വദേശി അലനാണ് മരിച്ചത്.
കോട്ടയം കളത്തൂക്കടവിൽ 11.30 ഓടെ മറ്റൊരു അപകടം നടന്നു. കെഎസ്ആർടിസി ബസും ഗ്യാസ് ഏജൻസിയുടെ വണ്ടിയും തമ്മിൽ കൂട്ടി ഇടിച്ച് ഒരാൾ മരിച്ചു. മേലുകാവ് എഴുകുംകണ്ടത്തിൽ റിൻസ് സെബാസ്റ്റ്യൻ(40 )ആണ് മരിച്ചത്.
















Comments