തിരുവനന്തപുരം: പിണറായി സർക്കാർ പഞ്ചായത്തുകളുടെ അധികാരം കവരുകയാണെന്ന് നിയമസഭയിൽ പ്രതിപക്ഷം. മാത്യു കുഴൽനാടൻ, പി ഉബൈദുളള തുടങ്ങിയവരാണ് പഞ്ചായത്തുകളുടെ അധികാരത്തിൽ കൈകടത്തുന്ന എൽഡിഎഫ് സർക്കാരിനെ വിമർശിച്ചത്.
കൊറോണ പ്രതിരോധ പ്രവർത്തനം ഉൾപ്പെടെയുളളവ ഏറ്റെടുത്ത് നടപ്പാക്കിയത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണെന്ന് ഉബൈദുളള ചൂണ്ടിക്കാട്ടി. എന്നാൽ ഇപ്പോൾ തെരുവ് വിളക്കുകൾ ഇടാൻ പോലും ഇപ്പോൾ പഞ്ചായത്തുകൾക്ക് അധികാരമില്ല. നിലാവ് എന്ന പദ്ധതി കൊണ്ടുവന്നെങ്കിലും കാര്യക്ഷമമല്ല.
ഗ്രാമസഭകളും വാർഡ് സഭകളും ചേർന്ന് വികസന നിർദ്ദേശങ്ങൾ ഉയർത്തിക്കൊണ്ടു വരികയും അത് ഭരണസമിതി ചേർന്ന് നടപ്പാക്കണമെന്നുമാണ് പഞ്ചായത്തീരാജ് നഗരപാലികാ സംവിധാനത്തിൽ നിഷ്‌കർഷിച്ചിരിക്കുന്നത്. എന്നാൽ ഇവിടെ പ്രാദേശിക ഭരണകൂടങ്ങളുടെ പരിധിയിൽ വരുന്ന വിഷയങ്ങളിൽ അവർക്ക് തീരുമാനമെടുക്കാൻ അധികാരമില്ല. വീടില്ലാത്തവർക്ക് വീട് അനുവദിക്കാൻ സ്വന്തമായി ഒരു പദ്ധതി ആവിഷ്‌കരിക്കാൻ പോലും പഞ്ചായത്തുകൾക്ക് അധികാരമില്ല. ലൈഫ് ഭവന പദ്ധതിയിൽ എത്രപേർക്ക് വീട് കൊടുക്കാനായി എന്ന് ഇതുവരെ പറഞ്ഞിട്ടില്ല.
പഞ്ചായത്ത് സംവിധാനങ്ങളെപ്പോലും അട്ടിമറിക്കുകയാണ്. വിചിത്രമായ മാനദണ്ഡങ്ങളാണ് ഇതിന് പറയുന്നത്. അഴിമതിയുടെയും വെട്ടിപ്പിന്റെയും കേന്ദ്രമായി സംസ്ഥാനം മാറുകയാണെന്നും അനധികൃത കെട്ടിട നമ്പർ അഴിമതിയുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണം ചൂണ്ടിക്കാട്ടി ഉബൈദുളള പറഞ്ഞു. കേന്ദ്രസർക്കാർ സംസ്ഥാനങ്ങളുടെ അധികാരം കവരുന്നുവെന്ന് പറഞ്ഞ പിണറായി വിജയൻ ഇവിടെ പഞ്ചായത്തുകളുടെ അധികാരം മുഴുവൻ കവർന്നെടുക്കുകയാണ് എന്നായിരുന്നു മാത്യു കുഴൽനാടന്റെ വിമർശനം.
Comments