ലോകപ്രശസ്ത അമേരിക്കൻ മോഡലും സെലിബ്രിറ്റിയുമായ കിം കർദാഷിയെപ്പോലെയാകാൻ മുടക്കിയത് 4.7 കോടി രൂപ. ബ്രസീലിയൻ മോഡലും ബിസിനസ് സംരംഭകയുമായ ജെന്നിഫർ പാംപലോനയാണ് കിം കർദാഷിയെപ്പോലെയാകാൻ തുനിഞ്ഞിറങ്ങിയത്. അങ്ങനെ 12 വർഷത്തിനിടെ 29 കാരിയായ യുവതി 40 തോളം ശസ്ത്രക്രിയകളും ചെയ്തു. കിം കർദാഷിയുടെ ഇരട്ട എന്ന പേരും അവൾക്ക് ലഭിച്ചു. എന്നാൽ ഇപ്പോൾ തനിക്ക് തിരികെ സ്വന്തം രൂപത്തിലേക്ക് മാറണമെന്നാണ് മോഡലിന്റെ ആവശ്യം. ഇതിനായി വിവിധ ശസ്ത്രക്രിയകൾ ആരംഭിച്ചുകഴിഞ്ഞു.
17 വയസ്സുള്ളപ്പോഴാണ് കിം കർദാഷിയെപ്പോലെയാകാനുള്ള ശസ്ത്രക്രിയകൾ ജെന്നിഫർ ആരംഭിച്ചത്. കിമ്മിന്റെ പോലുള്ള ശരീര വടിവ് ഉണ്ടാക്കാനും ചർമ്മകാന്തിക്കുമെല്ലാമായി കോടികൾ ചെലവാക്കി. ഇത്തരം ശസ്ത്രക്രിയകൾ കാരണം നിരവധി ശാരീരിക പ്രശ്‌നങ്ങൾ ഉണ്ടായെങ്കിലും ആളുകൾ തന്നെ കിം കർദാഷിയുടെ ഇരട്ടയെന്ന് വിളിക്കുന്നത് കേൾക്കുമ്പോൾ വളരെ ആനന്ദം തോന്നുമായിരുന്നു എന്ന് ജെന്നിഫർ പറഞ്ഞു.
കിമ്മിനെ പോലെ ആയതോടെ ജെന്നിഫറിന്റെ ജീവിതം ആകെ മാറി. മാദ്ധ്യമവാർത്തകളിൽ നിറഞ്ഞതോടെ എല്ലാവരും തിരിച്ചറിയാൻ തുടങ്ങി. എന്നാൽ കുറച്ച് കാലം കഴിഞ്ഞതോടെ ജെന്നിഫറിന് ഇതെല്ലാം മടുത്തു. താൻ ശസ്ത്രക്രിയയ്‌ക്ക് അടിമയായെന്ന് അവർക്ക് തന്നെ മനസിലായി. ഏതോ സൂപ്പർമാർക്കറ്റിൽ നിരത്തിവെച്ച ഒരു ഷോപീസായി മാറുകയാണ് താനെന്നും ജെന്നിഫറിന് ബോധ്യം വന്നു. ഈ സന്തോഷം പുറത്ത് മാത്രമേ ഉള്ളൂവെന്ന് തിരിച്ചറിഞ്ഞു. ഇത് വലിയ മാനസിക പ്രശ്‌നത്തിൽ കൊണ്ടെത്തിച്ചു. ”ഞാൻ ഞാനല്ലാതായി” എന്ന ആലോചന വന്നതോടെയാണ് വീണ്ടും പഴയത് പോലെയാകാൻ തീരുമാനിച്ചത് എന്ന് ജെന്നിഫർ പറഞ്ഞു.
ഇസ്താംബുളിലുള്ള ഒരു ഡോക്ടെറയൊണ് ജെന്നിഫർ ഇതിനായി സമീപിച്ചത്. പഴയ രൂപത്തിലാക്കി മാറ്റാമെന്ന് ഡോക്ടർ അവൾക്ക് ഉറപ്പുനൽകി. തുടർന്ന് വീണ്ടും നിരവധി ശസ്ത്രക്രിയകൾക്ക് വിധേയമായി. ശസ്ത്രക്രിയ്‌ക്ക് ശേഷം പഴയത് പോലെയായെങ്കിലും അത് ശരീരത്തെ ഗുരുതരമായി ബാധിച്ചിരുന്നു. കവിളിൽ നിന്നും രക്തം വന്നു. നീർക്കെട്ടും ചതവുകളുമുണ്ടായി. എന്നാൽ ജെന്നിഫർ ഏറെ പ്രതീക്ഷയിലാണ്. ശസ്ത്രക്രിയയുടെ അന്തിമ ഫലം വരാനിരിക്കുന്നതേയുള്ളൂ എന്നും എത്ര വേദന സഹിച്ചിട്ടാണെങ്കിലും പഴയത് പോലെയാകുമെന്നും അവർ പറഞ്ഞു.
















Comments