ബംഗളൂരു : മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുനിൽ ഗവാസ്‌കറിന് ഡോക്ടറേറ്റ് . ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതാണ് ഡോക്ടറേറ്റ് സമ്മാനിച്ചത്. ബെംഗളൂരുവിലെ ശ്രീ സത്യ സർവകലാശാലയിൽ നിന്നാണ് ഗവാസ്‌കർ ഡോക്ടറേറ്റ് നേടിയത്.
ഇന്ത്യ വളരുന്നതിന്റെ അടയാളങ്ങൾ ഇപ്പോൾ എല്ലായിടത്തും ദൃശ്യമാണ്. ഭൂതകാലത്തിലെ വിജ്ഞാന അടിത്തറയും ഭാവി പഠനങ്ങളുമായി കൂട്ടിയിണക്കിയാണ് ആ വളർച്ച സാധ്യമാക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് ഇന്ത്യ വളരുമെന്ന് ആരെങ്കിലും പറഞ്ഞിരുന്നെങ്കിൽ അത് ഗൗരവമായി എടുക്കില്ലായിരുന്നുവെന്ന് ഭാഗവത് ചടങ്ങിൽ പറഞ്ഞു.
എങ്കിൽ പോലും രാജ്യത്തിന്റെ വികസനം എന്ന് പറയുന്നത് പെട്ടന്ന് ആരംഭിച്ച ഒരു കാര്യമല്ല. 1857 മുതൽ സ്വാമി വിവേകാനന്ദനും സമാനമായ മുന്നേറ്റത്തിന് തുടക്കം കുറിച്ചിരുന്നു. സൃഷ്ടിയുടെ തുടക്കം എവിടെയാണ് എന്നത് ശാസ്ത്രത്തിന് ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല, എന്നാൽ ആത്മീയ മാർഗങ്ങളിലൂടെ നമുക്ക് പല മേഖലകളിലും മുന്നേറ്റം സാധ്യമാണ്. ശാസ്ത്രവും ആത്മീയതയുമെല്ലാം പരസ്പരം ബന്ധപ്പെട്ടാണ് കിടക്കുന്നത്. എന്നാൽ ഇവയെ തമ്മിൽ ബന്ധിപ്പിക്കുന്ന ഘടകം ഏതാണ് എന്നുള്ളത് കണ്ടെത്താൻ സാധിച്ചിട്ടില്ല.
വൈരുദ്ധ്യങ്ങൾ എല്ലായിടത്തുമുണ്ട്. ഭാഷയോ ആരാധനാരീതിയോ ഒക്കെ വ്യത്യസ്തമാണെങ്കിൽ ആളുകൾക്കിടയിൽ വൈരുദ്ധ്യം ഉണ്ടാകാം. അതേപോലെ വികസനവും ശാസ്ത്രവും ആത്മീയതുമെല്ലാം തമ്മിൽ വളരെ അധികം വൈരുദ്ധ്യങ്ങൾ ഉണ്ട്. എന്നാൽ അത് മുന്നോട്ടുള്ള യാത്രയ്‌ക്ക് തടസ്സമല്ല. കഴിഞ്ഞ ആയിരത്തിലധികം വർഷങ്ങളായി ലോകം ഇങ്ങനെയാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇതിന് പുറമെ മുൻ ഐഎസ്ആർഒ മേധാവി കെ കസ്തൂരിരംഗൻ, ഇന്ത്യൻ ഹിന്ദുസ്ഥാനി ഗായകൻ എം വെങ്കിടേഷ് കുമാർ, അസമിലെ പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പൂർണിമ ദേവി ബർമൻ, നിരവധി പേർക്ക് സൗജന്യ ആരോഗ്യപരിചരണം നൽകിയതിന് സി ശ്രീനിവാസ് എന്നിവർക്കും ഭഗവത് ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചു.
Comments