ജറുസലേം: ഇറാനെതിരെ സംയുക്തനീക്കത്തിനൊരുങ്ങി അമേരിക്കയും ഇസ്രയേലും. ഇറാൻ ആണവായുധം നിർമ്മിക്കും വരെ കാത്തിരിക്കില്ലെന്നും ലോക വിനാശകാരിയാകും മുന്നേ സൈനിക നീക്കം നടത്തുമെന്നുമാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഇസ്രയേൽ പ്രധാനമന്ത്രി യായീർ ലാപ്പിഡും സംയുക്തമായി അറിയിച്ചത്. ഇസ്രയേലിൽ സന്ദർശനം നടത്തവേയാണ് ജോ ബൈഡൻ നിർണ്ണായക മുന്നറിയിപ്പ് നൽകിയത്.
ഇസ്രയേലിലെത്തിയ ജോ ബൈഡനും പുതിയ പ്രധാനമന്ത്രി യായീർ ലാപ്പിഡുമായി പ്രതിരോധ രംഗത്തെ പങ്കാളിത്തവുമായി ബന്ധപ്പെട്ട് വിശദമായ കൂടിക്കാഴ്ചകളാണ് നടത്തിയത്. ഇരുരാജ്യങ്ങളുടേയും മുഖ്യശത്രുവായ ഇറാനെതിരെ അന്താരാഷ്‌ട്ര ഉപരോധങ്ങൾ ഫലപ്രദമല്ലെന്നും സൈനിക നീക്കം അനിവാര്യമാകുന്ന തരത്തിലേയ്‌ക്കാണ് ടെഹ്‌റാന്റെ പ്രവൃത്തികളെന്നുമാണ് ഇരുവരും പറയുന്നത്. ഇറാഖിനേയും സൗദിയേയും ആക്രമിക്കുന്ന ഹൂതികളെ സഹായിക്കുന്ന ഇറാന്റെ തന്ത്രങ്ങളും ആണവായുധത്തിനായുള്ള നിരന്തര പരീ്ക്ഷണങ്ങളും ലോകത്തെ സർവ്വനാശത്തിലേയ്‌ക്ക് എത്തിക്കുമെന്നാണ് അമേരിക്ക മുന്നറിയിപ്പ് നൽകുന്നത്.
ആഗോള തലത്തിലെ ആണവനിരായുധീകരണത്തിൽ നിന്ന് ഇറാൻ പിന്നോട്ട് പോകുന്നത് അംഗീകരിക്കാനാവില്ല. ഇറാന്റെ ഭാഗത്തു നിന്നും കൃത്യമായ ഉറപ്പ് ഉടൻ ഉണ്ടാകണം. എന്നാൽ നിലവിലെ രാഷ്‌ട്രീയ സാഹചര്യത്തിൽ ഇറാൻ ലോകത്തെ വെല്ലുവിളിക്കുകയാണ്. ഈ അവസ്ഥ തുടർന്നാൽ ആണവശക്തിയായ ഇറാൻ എന്ന ഒന്ന് ഭൂമിയിൽ അവശേഷിക്കില്ലെന്ന മുന്നറിയിപ്പാണ് ഇസ്രയേലും നൽകുന്നത്.
















Comments