അമൃത്സർ: സിഖുകാരുടെ വിശുദ്ധ മതഗ്രന്ഥമായ ഗുരു ഗ്രന്ഥ് സാഹിബിനെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ വിവാഹവേളയിൽ അപമാനിച്ചുവെന്ന് ആരോപിച്ച് എസ്ജിപിസി (ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി). വിശുദ്ധഗ്രന്ഥവുമായി വിവാഹ വസതിയിലേക്ക് വന്ന വാഹനത്തെ ‘പരിശോധിച്ചു’. ഇത് ഗുരു ഗ്രന്ഥ് സാഹിബിനെ അപമാനിക്കുന്നതിന് തുല്യമാണെന്ന് എസ്ജിപിസി അവകാശപ്പെട്ടു.
ഛണ്ഡിഗഡിലുള്ള ഭഗവന്ത് മന്നിന്റെ ഔദ്യോഗിക വസതിയിലേക്ക് വിശുദ്ധഗ്രന്ഥം എത്തിക്കുകയായിരുന്നു. വസതിയിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായി വാഹനം നിർത്തി പരിശോധന നടത്തി. ഗുരുവിനോടുള്ള ബഹുമാനത്തെയും ആദരവിനെയും അപമാനിക്കുന്ന പ്രവൃത്തിയാണിതെന്നും ഇതിന്റെ ദൃശ്യങ്ങൾ സിഖുകാരുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും എസ്ജിപിസി അദ്ധ്യക്ഷനായ ഹർജീന്ദർ സിംഗ് ധാമി അറിയിച്ചു.
മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ വസതിയിൽ വെച്ച് സംഭവിച്ചുവെന്നതാണ് ഏറ്റവുമധികം വേദനിപ്പിക്കുന്ന കാര്യം. ഏതൊരു മതത്തെയും ബഹുമാനിക്കാൻ പ്രതിജ്ഞാബദ്ധനായ വ്യക്തിയുടെ വസതിയിൽ. എല്ലാ മതവികാരങ്ങളെയും മാനിക്കുക എന്നതും മതഗ്രന്ഥങ്ങളുടെ പ്രധാന്യം മനസിലാക്കി ബഹുമാനിക്കുകയെന്നതും മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്നയാളുടെ ഉത്തരവാദിത്വമാണെന്നും എസ്ജിപിസി ചൂണ്ടിക്കാട്ടി.
ഹരിയാന ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോക്ടർ ഗുർപ്രീത് കൗറിനെയാണ് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ ജൂലൈ ഏഴിന് വിവാഹം ചെയ്തത്. ചണ്ഡീഗഡിലെ വസതിയിൽ എല്ലാവിധ സിഖുമത ആചാരങ്ങളോടെയുമായിരുന്നു വിവാഹം. 48-കാരനായ ഭഗവന്ത് മന്നിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. അദ്ദേഹത്തിന് ആദ്യ ഭാര്യയിൽ രണ്ട് മക്കളുമുണ്ട്.
















Comments