ലക്‌നൗ : തീവ്രവാദ സംഘടനകളുടെ ഭീഷണി മുൻ നിർത്തി കാൻവർ തീർത്ഥാടനത്തിൽ സുരക്ഷ ശക്തമാക്കും. ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശംനൽകി. ഇന്റലിജൻസ് ബ്യൂറോകൾക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ ശക്തമാക്കുന്നത്. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങൾക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
ഭീഷണി കണക്കിലെടുത്ത് ട്രെയിനുകളിൽ സുരക്ഷ ശക്തമാക്കാൻ റെയിൽവേ ബോർഡിനും നിർദ്ദേശം നൽകിയിട്ടുണ്ട്. തീർത്ഥാടന മേഖലയിൽ വൻ ഭക്തജനത്തിരക്ക് ഉണ്ടാകുമെന്നതിനാൽ സിസിടിവി ക്യാമറകൾ, ഡ്രോണുകൾ എന്നിവ ഉപയോഗിച്ചും പ്രദേശം നിരീക്ഷിക്കും . ഇതിന് പുറമെ സമൂഹമാദ്ധ്യമങ്ങൾ കേന്ദ്രീകരിച്ചും നിരീക്ഷണം ശക്തമാക്കും.
പ്രദേശത്ത് ബോംബ് സ്‌ക്വാഡുകളെയും , ഭീകരവിരുദ്ധ സ്‌ക്വാഡുകളെയും പോലീസിനെയും വിന്യസിച്ചിട്ടുണ്ട്. മേഖലയെ പ്രത്യേക സോണുകളാക്കി തിരിച്ചാണ് സംഘങ്ങളെ വിന്യസിച്ചിരിക്കുന്നത്. അതേസമയം ഭക്തജനങ്ങൾ വരുന്ന വഴികളിൽ ഡ്രോൺ നിരീക്ഷണം നടത്തുന്നുണ്ടെന്നും ആയുധങ്ങളുമായി ആരെയും കടത്തി വിടില്ലെന്നും പോലീസ് വ്യക്തമാക്കി.
കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ രണ്ട് വർഷത്തിന് ശേഷമാണ് കാൻവർ തീർത്ഥാടനം ആരംഭിച്ചത്. രണ്ടാഴ്ച നീണ്ടുനിൽക്കുന്ന തീർത്ഥാടന യാത്രയിൽ നിരവധി ഭക്ത ജനങ്ങളാണ് ഇവിടെ എത്തുക.ഹരിദ്വാറിലും ,ഋഷികേശിലുമായി കുറഞ്ഞത് നാല് കോടി ജനങ്ങൾ പുണ്യനദിയിലെ ജലം ശേഖരിക്കാൻ എത്തുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഉത്തർപ്രദേശ്, ഹരിയാന, ഡൽഹി, ഹിമാചൽ പ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ നിന്ന് തീർത്ഥാടകർ ഇവിടെ എത്തുകയും ക്ഷേത്രങ്ങളിൽ ശിവന് വഴിപാട് നടത്തുകയും ചെയ്യാറുണ്ട്.
Comments