നാസി സ്വേച്ഛാധിപതി അഡോൾഫ് ഹിറ്റ്‌ലറിന്റെ മോഷണം പോയ വാച്ച് ലേലത്തിൽ. 3.4 മില്യൺ യൂറോയിലധികം (27 കോടി) വിലമതിക്കുന്ന വാച്ചാണ് ലേലത്തിൽ വെച്ചിരിക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാന ദിവസങ്ങളിൽ ഹിറ്റ്‌ലറിന്റെ അമൂല്യ വസ്തുക്കളിൽ പലതും ശത്രുക്കൾ കൊള്ളയടിച്ച് കൊണ്ടുപോയിരുന്നു. അത്തരത്തിൽ അദ്ദേഹത്തിന്റെ പർവ്വത സങ്കേതത്തിൽ നിന്ന് ഫ്രഞ്ച് സൈനികൻ മോഷ്ടിച്ച് കൊണ്ടുവന്ന വാച്ചാണിത്.
സ്വിസ് ആഡംബര വാച്ച് മേക്കർ ലെകോൾട്രെ ആണ് വാച്ച് നിർമ്മിച്ചത്. ഇതിൽ ഹിറ്റ്‌ലറിന്റെ പേരിന്റെ ആദ്യാക്ഷരങ്ങളും നാസി ചിഹ്നങ്ങളായ സ്വസ്തികയും ജർമ്മൻ സാമ്രാജ്യത്വ കഴുകനും ആലേഖനം ചെയ്തിട്ടുണ്ട്. ഹിറ്റ്ലറുടെ ജന്മദിനം, ഹിറ്റ്‌ലർ ജർമ്മനിയുടെ ചാൻസലറായി നിയമിതനായ തീയ്യതി, 1933-ൽ നാസി പാർട്ടി തിരഞ്ഞെടുപ്പിൽ വിജയിച്ച തീയ്യതി എന്നിവയും വാച്ചിൽ കൊത്തിവെച്ചിട്ടുണ്ട്. ജർമ്മൻ ചാൻസലറായി അധികാരത്തിൽ ഏറിയതിന് പിന്നാലെ നാസി പാർട്ടി ഹിറ്റ്‌ലർക്ക് സമ്മാനിച്ച വാച്ചാണിത് എന്നും സൂചനയുണ്ട്.
1945 മെയ് 4 ന് തെക്കൻ ജർമ്മനിയിലെ ബവേറിയയിലെ ഹിറ്റ്ലറുടെ പർവത സങ്കേതമായ ബെർഗോഫിൽ നിന്ന് ഒരു ഫ്രഞ്ച് സൈനികനാണ് ഇത് എടുത്തത്. ഇതിന് അഞ്ച് ദിവസം മുമ്പാണ് ഹിറ്റ്ലർ ആത്മഹത്യ ചെയ്തത്. അമേരിക്കയിലെ മേരിലാൻഡിലെ അലക്സാണ്ടർ ഹിസ്റ്റോറിക്കൽ ലേലത്തിൽ ഈ വാച്ചിന് 2 മുതൽ 4 മില്യൺ ഡോളർ വരെ ലഭിക്കുമെന്ന ഉറപ്പിലാണ് അധികൃതർ.
ഹിറ്റ്ലറിന്റെ വാച്ച് ഇതിന് മുൻപ് ഒരിക്കലും വിൽക്കുകയോ ലേലത്തിൽ വെയ്‌ക്കുകയോ ചെയ്തിട്ടില്ലെന്ന് ലേല സ്ഥാപനത്തിന്റെ പ്രസിഡന്റ് ബിൽ പനഗോപുലോസ് പറഞ്ഞു. ഹിറ്റ്ലറുടെ നേട്ടങ്ങൾക്കുള്ള അംഗീകാരമായും പാർട്ടിയെ അധികാരത്തിലേക്ക് ഉയർത്തിയതിനുള്ള നന്ദിയായും നാസി പാർട്ടി തന്നെ അദ്ദേഹത്തിന് നൽകിയ ഈ വാച്ച് തികച്ചും അമൂല്യമായ ഒന്നാണ്. നേരത്തെ ഹിറ്റ്ലറുടെ ടേബിൾവെയർ, വസ്ത്രങ്ങൾ, ഫർണിച്ചറുകൾ തുടങ്ങിയവയുടെ നൂറുകണക്കിന് സാധനങ്ങൾ ലേലത്തിൽ വിറ്റിട്ടുണ്ട്. എന്നാൽ വാച്ച് എന്നത് മറ്റെന്ത് വസ്തുവിനെക്കാളുപരി വ്യക്തിഗതമായ ഒന്നാണ്.
ഇതുവരെ ജീവിച്ചിരുന്നിട്ടുള്ളതിൽ വെച്ച് ഏറ്റവും മോശമായ മനുഷ്യനോടുള്ള ആദരസൂചകമായല്ല ഇത് ലേലത്തിൽ വിൽക്കുന്നത്. പകരം ലോക ചരിത്രത്തിലെ ഏറ്റവും ഇരുണ്ട കാലഘട്ടത്തെ സൂചിപ്പിക്കുന്ന ചരിത്രാവശിഷ്ടമായാണ് ഇത് വിൽക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.
















Comments