ഒട്ടുമിക്ക സ്ത്രീകളും സാരിയുടുക്കാൻ ഇഷ്ടപ്പെടുന്നവരാണ്. വിവിധ തുണിത്തരങ്ങളിൽ വർണാഭമായ നിറങ്ങളിൽ ലഭിക്കുന്ന സാരികൾ സ്വന്തമാക്കാൻ സ്ത്രീകൾ താൽപര്യം പ്രകടിപ്പിക്കാറുണ്ട്. ഇപ്പോഴിതാ സാരി പ്രേമികൾക്കിടയിൽ ചർച്ചയായിരിക്കുകയാണ് നടി നളിനിയുടെ തുറന്നുപറച്ചിലുകൾ.
ഈയിടയ്‌ക്ക് ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തന്റെ സാരി പ്രേമത്തെക്കുറിച്ച് നളിനി പറയുന്നത്. ഓരോ ദിവസവും ധരിക്കാൻ ഓരോ പുതിയ സാരിവേണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് നളിനി പറഞ്ഞു. അതുകൊണ്ട് വർഷത്തിൽ 365 ദിവസവും പുത്തൻ സാരികൾ ധരിക്കും. അത് തനിക്ക് നിർബന്ധമാണ്. സാരിയോട് ഇത്രമാത്രം ഭ്രമമായതിനാൽ എവിടെ പോയാലും സാരി വാങ്ങും. അതുകൊണ്ട് ഈ സാരികളെല്ലാം സൂക്ഷിക്കാൻ ഒരു വീടുതന്നെ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി താൻ സ്വന്തമാക്കിയ സാരികളുടെ വലിയ കളക്ഷൻ തന്നെ ആ വീട്ടിലുണ്ടെന്നും നളിനി പറയുന്നു.
തെന്നിന്ത്യൻ ഭാഷകളിലെ സിനിമകളിലും ടെലിവിഷൻ രംഗത്തും തന്റേതായ മുഖമുദ്ര പതിപ്പിച്ച നടിയാണ് നളിനി. 1980ൽ ‘ഇതിലേ വന്നവർ’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് രംഗപ്രവേശം നടത്തിയത്. ആദ്യപേര് റാണിയെന്നായിരുന്നു. ‘ഇടവേള’ എന്ന ചിത്രത്തിൽ നായികയായി എത്തിയതിന് പിന്നാലെയാണ് നളിനി എന്ന പേര് സ്വീകരിച്ചത്. തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിൽ സജീവമായിരുന്ന നളിനി മലയാളത്തിലെ 20ഓളം ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
നളിനിയുടെ തുറന്നുപറച്ചിൽ കേട്ട് അമ്പരന്നിരിക്കുകയാണ് മലയാളികൾ. സാരിയോടുള്ള ഭ്രമം നളിനി വെളിപ്പെടുത്തിയതോടെ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ സാരി പ്രേമവും സമൂഹമാദ്ധ്യമത്തിൽ ചർച്ചയായി. ജയലളിതയുടെ ശേഖരത്തിൽ പതിനായിരത്തിലധികം സാരികൾ ഉണ്ടെന്നായിരുന്നു കരുതപ്പെടുന്നത്.
















Comments