ന്യൂഡൽഹി : ഇന്ത്യയിലെ നിർണായക വിവരങ്ങൾ പാകിസ്താന് ചോർത്തി നൽകിയെന്ന് വെളിപ്പെടുത്തിക്കൊണ്ട് പാക് മാദ്ധ്യമപ്രവർത്തകൻ നുസ്രത്ത് മിർസ രംഗത്തെത്തിയതിന് പിന്നാലെ വിവാദം പുകയുകയാണ്. മുൻ ഉപരാഷ്‌ട്രപതി ഹാമിദ് അൻസാരിയുടെ ക്ഷണം സ്വീകരിച്ചാണ് താൻ എത്തിയത് എന്നും ഇന്ത്യയിൽ നിന്നുള്ള നിർണായക വിവരങ്ങൾ ചാരസംഘടനകൾക്ക് ചോർത്തി നൽകിയെന്നും ഇയാൾ വെളിപ്പെടുത്തിയിരുന്നു. തുടർന്ന് തനിക്ക് അയാളെ അറിയില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ഹാമിദ് അൻസാരിയും രംഗത്തെത്തി. എന്നാൽ യോഗത്തിൽ നുസ്രത്ത് മിർസ പങ്കെടുത്തുവെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് മുതിർന്ന അഭിഭാഷകനായ അദിഷ് അഗർവാള പുറത്തുവിട്ടിരിക്കുന്നത്.
2009, ഒക്ടോബർ 27 ന് ജുമാ മസ്ജിദ് യുണൈറ്റഡ് ഫ്രണ്ട് സംഘടിപ്പിച്ച യോഗത്തിൽ നുസ്രത്ത് മിർസ പങ്കെടുത്തുവെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണിത്. ഹാമിദ് അൻസാരി പങ്കെടുത്ത യോഗത്തിൽ മിർസയും ഇരിക്കുന്നത് ചിത്രത്തിൽ കാണാം. നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള ഉൾപ്പെടെയുള്ള നേതാക്കളും യോഗത്തിൽ പങ്കെടുത്തിരുന്നു. തീവ്രവാദത്തിനെതിരെ എന്ന പേരിലാണ് ഇവർ കോൺഫറൻസ് സംഘടിപ്പിച്ചത്.
2009ലെ പരിപാടിയിൽ പാകിസ്താൻ മാദ്ധ്യമപ്രവർത്തകൻ (നുസ്രത്ത് മിർസ) പങ്കെടുക്കുന്ന വിവരം ഹാമിദ് അൻസാരിക്ക് അറിയാമായിരുന്നുവെന്ന് അഭിഭാഷകൻ പറഞ്ഞു. ക്ഷണിക്കാത്ത ഒരാൾക്കും വേദിയിലിരിക്കാൻ സാധിക്കില്ല. അത് മാത്രമല്ല വിദേശകാര്യ മന്ത്രാലയത്തിന്റെയോ ആഭ്യന്തര മന്ത്രാലയത്തിന്റെയോ അനുമതിയില്ലാതെയാണ് യോഗം നടത്തിയത് എന്നും അഗർവാള വിമർശിച്ചു.
2010 ഡിസംബർ 11, 12 തീയതികളിൽ വിജ്ഞാൻ ഭവനിൽ നടന്ന അന്താരാഷ്‌ട്ര ഭീകരവാദവും മനുഷ്യാവകാശങ്ങളും സംബന്ധിച്ച അന്താരാഷ്‌ട്ര സമ്മേളനത്തെക്കുറിച്ചാണ് ഹാമിദ് അൻസാരിയും കോൺഗ്രസ് നേതാവ് ജയറാം രമേശും പരാമർശിച്ചത്. അതിലേക്ക് നുസ്രത്ത് മിർസയെ ക്ഷണിച്ചില്ലെന്നും അവർ പറഞ്ഞു. ഇത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുളള ശ്രമമായിരുന്നു. 2010 ൽ നടന്ന യോഗത്തിലേക്കും നുസ്രത്ത് മിർസയെ ക്ഷണിക്കാൻ ഹാമിദ് അൻസാദി തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ താൻ അതിന് വിസമ്മതിക്കുകയായിരുന്നുവെന്നും അഭിഭാഷകൻ വെളിപ്പെടുത്തി.
Comments