റായ്പൂർ : മുസ്ലീം ഭൂരിപക്ഷ പ്രദേശത്ത് അധികൃതരുടെ അനുമതിയില്ലാതെ വെള്ളിയാഴ്ച അവധി നൽകുന്നതിനെതിരെ അന്വേഷണം ശക്തമാക്കാനൊരുങ്ങി ജില്ലാ ഭരണകൂടം. ഝാർഖണ്ഡിലെ ധുംക്ക ജില്ലയിൽ മുസ്ലീം ഭൂരിപക്ഷ പ്രദേശത്തെ 33 സ്‌കൂളുകളിലാണ് ഞായറാഴ്ചയ്‌ക്ക് പകരം വെള്ളിയാഴ്ച അവധി നൽകുന്നത്. അധികാരികളുടെ അനുമതിയില്ലാതെ നടപടി. സംഭവത്തിൽ ജില്ലാ വിദ്യാഭ്യാസ അധികൃതർ റിപ്പോർട്ട് തേടി. വിശദമായ അന്വേഷണം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
ധുംകയിലെ ശിക്കാരിപ്പാറ ബ്ലോക്കിലെ പത്ത് സർക്കാർ സ്‌കൂളുകൾ, രണീശ്വർ ബ്ലോക്കിലെ എട്ട് സ്‌കൂളുകൾ, സരായാഹത്ത് ബ്ലോക്കിലെ ഏഴ്‌സ്‌കൂളുകൾ, ജമാ ബ്ലോക്കിലെ രണ്ട്, ജർമുണ്ടി ബ്ലോക്ക്, കാതികുണ്ഡ് ബ്ലോക്ക്, ധുംക ബ്ലോക്ക് എന്നിവിടങ്ങളിലെ സ്‌കൂളുകളിലാണ് വെള്ളിയാഴ്ച അവധി അനുവദിക്കുന്നത്. ഇതിൽ ഭൂരിഭാഗം സ്ഥാപനങ്ങൾക്കും ഉറുദു സ്‌കൂൾ എന്ന പേരും നൽകിയിട്ടുണ്ട്.
33 സ്‌കൂളുകളിലെ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർമാർക്ക് അന്വേഷണം നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ധുംകജില്ലാ വിദ്യാഭ്യാസ സൂപ്രണ്ട് സഞ്ജയ് കുമാർ ദാസ് പറഞ്ഞു. എല്ലാ സ്‌കൂളുകളുടെയും പേരിനൊപ്പം ഉറുദു ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം നടത്തും. വെള്ളിയാഴ്ച സ്‌കൂളുകൾക്ക് അവധി നൽകണമെന്ന് നിർദ്ദേശം നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ സ്ഥാപനങ്ങളുമായി ഉറുദു സ്‌കൂളുകൾ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഏത് സാഹചര്യത്തിലാണ് സർക്കാർ സ്‌കൂളുകളിൽ വെള്ളിയാഴ്ച ആഴ്ചതോറുമുള്ള അവധി നൽകുന്നതെന്നും അന്വേഷിക്കുന്നുണ്ട്. റിപ്പോർട്ട് ലഭിച്ച ശേഷം വിശദമായ അന്വേഷണം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഝാർഖണ്ഡിലെ ചില മുസ്ലീം ആധിപത്യ പ്രദേശങ്ങളിലെ സ്‌കൂളുകൾക്ക് ഞായറാഴ്ചയ്‌ക്ക് പകരം വെള്ളിയാഴ്ച അവധി നൽകുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് റിപ്പോർട്ട് തേടിയതായി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ജഗർനാഥ് മഹ്‌തോ നേരത്തെ അറിയിച്ചിരുന്നു. സർക്കാർ ഉത്തരവ് ലംഘിച്ച് സ്‌കൂളുകൾക്ക് അവധി നൽകിയെന്ന വിവരം ലഭിച്ചയുടൻ ജംതാര ജില്ലയിലെ ഡിഇഒ (ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ), ഡിഎസ്ഇമാർ (ജില്ലാ ടീച്ചർ സൂപ്രണ്ട്മാർ) എന്നിവരുമായി താൻ യോഗം വിളിച്ചതായും മഹ്‌തോ അറിയിച്ചിരുന്നു.
എന്നാൽ സ്‌കൂളിൽ പഠിക്കുന്ന ഭൂരിഭാഗം കുട്ടികളും ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരാണെന്നാണ് അദ്ധ്യാപകരുടെ വാദം.
Comments