ന്യൂഡൽഹി; പിഡിപി അദ്ധ്യക്ഷ മെഹബൂബ മുഫ്തിയുടെ സഹോദരി റുബയ്യയെ 1989ൽ തട്ടിക്കൊണ്ട് പോയത് യാസിൻ മാലികും സംഘവുമെന്ന് വ്യക്തമായി. യാസിൻ മാലികിനെയും ഒപ്പമുണ്ടായിരുന്ന മൂന്ന് പേരെയും റുബയ്യ കോടതിയിൽ തിരിച്ചറിഞ്ഞു. വർഷങ്ങളായി പൊതുവേദികളിൽ പ്രത്യക്ഷപ്പെടാതിരുന്ന റുബയ്യ, കോടതിയിൽ നേരിട്ടെത്തി പ്രതികളെ തിരിച്ചറിയുകയായിരുന്നു.
കേസിലെ അടുത്ത വാദം ഓഗസ്റ്റ് 23ന് നടക്കുമെന്ന് റുബയ്യയുടെ അഭിഭാഷകൻ അറിയിച്ചു. മുൻപ് സിബിഐക്ക് നൽകിയ മൊഴിയിൽ അവർ ഉറച്ചു നിന്നതായും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
1989ലായിരുന്നു യാസിൻ മാലികിന്റെ നേതൃത്വത്തിലുള്ള ജെ കെ എൽ എഫ് സംഘം റുബയ്യയെ തട്ടിക്കൊണ്ട് പോയത്. റുബയ്യയെ മോചിപ്പിക്കണമെങ്കിൽ തടവിൽ കഴിയുന്ന അഞ്ച് ജെ കെ എൽ എഫ് അംഗങ്ങളെ വിട്ടുകിട്ടണമെന്നായിരുന്നു യാസിൻ മാലികിന്റെയും സംഘത്തിന്റെയും ആവശ്യം. തുടർന്ന്, ജമ്മു കശ്മീർ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള വിഘടനവാദികളുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു. റുബയ്യയുടെ പിതാവ് മുഫ്തി മുഹമ്മദ് സെയ്ദ് ആയിരുന്നു അന്ന് ഇന്ത്യയുടെ ആഭ്യന്തര മന്ത്രി.
ഭീകരവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകൾക്ക് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയാണ് നിലവിൽ യാസിൻ മാലിക്.
Comments