തിരുവനന്തപുരം: സ്വപ്‌ന സുരേഷിനെതിരായ ഗൂഢാലോചന കേസിൽ ഷാജ് കിരണിനെ സാക്ഷിയാക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്. ഷാജിന്റെ സുഹൃത്ത് ഇബ്രായിയെയും സാക്ഷിയാക്കിയേക്കും. പ്രത്യേക അന്വേഷണ സംഘം നിർദ്ദേശിച്ചതനുസരിച്ച് പാലക്കാട് മജിസ്‌ട്രേറ്റ് കോടതിയിൽ ഷാജ് കിരൺ രഹസ്യമൊഴി നൽകിയിരുന്നു.
മുഖ്യമന്ത്രിയുടെ ദൂതനായെത്തി മൊഴി മാറ്റാൻ സമ്മർദ്ദം ചെലുത്തിയെന്ന് സ്വപ്‌ന പരാതിപ്പെട്ടയാളാണ് ഷാജ് കിരൺ. തുടർന്ന് ഷാജിനെതിരെ ശബ്ദരേഖ തെളിവായി പുറത്തു കൊണ്ടുവരികയും ചെയ്തിരുന്നു. നിലവിൽ സ്വപ്‌ന സുരേഷിനെതിരെ മൊഴി ലഭിക്കാനുള്ള വഴികൾ തേടുന്ന ക്രൈംബ്രാഞ്ച് ഷാജ് കിരണിനെ കരുവാക്കുകയാണെന്നാണ് വിലയിരുത്തൽ.
പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിക്ക് മുമ്പിൽ ഷാജ് കിരൺ കഴിഞ്ഞ ദിവസം 164 രഹസ്യമൊഴി നൽകിയിരുന്നു. സർക്കാരിനെതിരായ ഗൂഢാലോചന കേസിൽ ഡിജിറ്റൽ തെളിവുകൾ സഹിതമാണ് രഹസ്യമൊഴി നൽകിയതെന്ന് ഷാജ് കിരൺ പിന്നീട് വ്യക്തമാക്കി. ഇബ്രായിയും മജിസ്‌ട്രേറ്റ് കോടതിയിൽ രഹസ്യമൊഴി നൽകിയിട്ടുണ്ട്. ഷാജ് കിരണിനൊപ്പം സുഹൃത്ത് ഇബ്രായിയെയും സാക്ഷി പട്ടികയിൽ ഉൾപ്പെടുത്തിയേക്കും.
അന്വേഷണ സംഘം പറയുന്നത് പ്രകാരം മൊഴി നൽകാത്തവരെ കേസിൽ കുടുക്കുകയാണെന്ന് പരാതിപ്പെട്ട് സ്വപ്‌നയും രംഗത്ത് വന്നിരുന്നു. തന്റെ മുൻ ഡ്രൈവർ അനീഷിനെ അട്ടപ്പാടി ആദിവാസി ഭൂമി കയ്യേറ്റ കേസിൽ ആറാം പ്രതിയാക്കിയത് പ്രതികാര നടപടിയാണെന്നും സ്വപ്ന ആരോപിച്ചിരുന്നു. ഗൂഢാലോചന കേസിൽ മുൻ മന്ത്രി കെടി ജലീലിന്റെ പരാതിയിലും പാലക്കാട്ടെ സിപിഎം നേതാവ് സിപി പ്രമോദിന്റെ പരാതിയിലുമാണ് കേസ്.
Comments