ശ്രീനഗർ: നിയന്ത്രണ രേഖ കടന്ന് ഇന്ത്യയിൽ പ്രവേശിച്ച പാകിസ്താൻ യുവതി അറസ്റ്റിൽ. പൂഞ്ചിലെ ചക്കൻ-ദാ-ബാഗ് മേഖലയിൽ നിന്നാണ് ഇവരെ സൈന്യം അറസ്റ്റ് ചെയ്തത്. ഇസ്‌ലാമാബാദിലെ ഫിറോസ് ബന്ദ സ്വദേശിയായ മുഹമ്മദ് അയൂബിന്റെ മകൾ റോസിനയാണ് അറസ്റ്റിലായിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി സൈന്യം ഇവരെ ജമ്മുകാശ്മീർ പോലീസിന് കൈമാറി. നിയന്ത്രണ രേഖ കടന്ന് ഇന്ത്യയിൽ പ്രവേശിച്ചതിന്റെ കാരണം കണ്ടെത്തുന്നതിനായി ഇവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.
ഈ ആഴ്ച വിവിധ ഇടങ്ങളിൽ നിയന്ത്രണ രേഖ ലംഘിച്ചുള്ള നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തിയിരുന്നു. പൂഞ്ച് നിയന്ത്രണ രേഖയിലെ സരള മേഖലയിൽ സംശയാസ്പദമായ ചലനങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് സൈന്യം തമ്പ് അടിച്ചിരുന്നു. ഇത്തരം മേഖലകളിലെ നുഴഞ്ഞുകയറ്റ ശ്രമങ്ങൾ സൈന്യം പരാജയപ്പെടുത്തി.
പൂഞ്ചിലെ ഖാരി ജനറൽ ഏരിയയിൽ നിന്ന് ആയുധധാരികളായ ഒരു സംഘം ഭീകരർ ഇന്ത്യയിലേയ്‌ക്ക് നുഴഞ്ഞു കയറാൻ ശ്രമിക്കുന്നുവെന്ന് സൈന്യത്തിൻ രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി അതിർത്തികളിൽ സൈന്യത്തെ വൻതോതിൽ വിന്യസിച്ചിരിക്കുകയാണ്. ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തടയുന്നതിനായി അതിർത്തികളിൽ എല്ലാംതന്നെ പരിശോധന ശക്തമാക്കിയിരിക്കുകയാണ്. ജമ്മു കശ്മീരിലെ ഹിന്ദു സമൂഹത്തിന്റെ വിശുദ്ധ തീർത്ഥാടനങ്ങളിലൊന്നാണ് വരാനിരിക്കുന്ന അമർനാഥ് യാത്ര. ഇത് തടസ്സപ്പെടുത്താനുള്ള പാക്കിസ്താന്റെ ഗൂഢാലോചനയുടെ ഭാഗമാണ് വർദ്ധിച്ചു വരുന്ന നുഴഞ്ഞുകയറ്റ ശ്രമങ്ങളെന്ന് വിലയിരുത്തപ്പെടുന്നു.
Comments