ധാക്ക : ബംഗ്ലാദേശിൽ മതന്യൂനപക്ഷത്തിന് നേരെ അതിക്രമങ്ങൾ വർദ്ധിക്കുന്നു. ക്ഷേത്രങ്ങളും ഹിന്ദുക്കളുടെ വീടുകളും മതമൗലികവാദികൾ അടിച്ച് തകർത്തു. ലോഹഗാരയിലെ സഹപാരയിലാണ് സംഭവം. 18 കാരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിലാണ് അക്രമം നടന്നത് എന്ന് പോലീസ് അറിയിച്ചു. വെളളിയാഴ്ച പ്രാർത്ഥനയ്‌ക്ക് ശേഷമായിരുന്നു മതമൗലികവാദികളുടെ അക്രമം.
സഹപാരയിലെ ക്ഷേത്രത്തിന് നേരെ കല്ലെറിഞ്ഞ ഇസ്ലാമിസ്റ്റുകൾ, അകത്ത് പ്രവേശിച്ച് സാധനങ്ങൾ അടിച്ച് തകർക്കുകയായിരുന്നു. ഫേസ്ബുക്ക് പോസ്റ്റിട്ട കുട്ടിയുടെ അച്ഛന്റെ കടയ്‌ക്ക് നേരെയും ആക്രമണം നടന്നു. തുടർന്ന് പ്രദേശത്തുണ്ടായിരുന്ന നിരവധി വീടുകളും ഇവർ തകർത്തു. മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു അക്രമം.
കണ്ണീർ വാതകം പ്രയോഗിച്ചാണ് പോലീസ് അക്രമികളെ പിരിച്ചുവിട്ടത്. എല്ലാം നിയന്ത്രണവിധേയമാക്കാൻ പോലീസിന് ഒരു രാത്രി വേണ്ടിവന്നു. എന്നാൽ സംഭവത്തിൽ പോലീസ് ഇതുവരെ നടപടിയെടുത്തിട്ടില്ലെന്നാണ് വിവരം. ഫേസ്ബുക്ക് പോസ്റ്റിട്ട ആകാശ് സാഹയുടെ അച്ഛൻ അശോക് സാഹയെ പോലീസ് അറസ്റ്റ് ചെയ്തു. അക്രമം കണ്ട് ഭയന്ന കുട്ടി വീട്ടിൽ നിന്നും പലായനം ചെയ്തതായാണ് വിവരം.
Comments