തിരുവനന്തപുരം: വിഴിഞ്ഞം മുതൽ കാസർകോട് വരെയുള്ള കേരളാതീരത്ത് ഞായറാഴ്ച വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഞായറാഴ്ച രാത്രി 11.30 വരെ മൂന്ന് മീറ്റർ മുതൽ 3.2 മീറ്റർ വരെ ഉയരത്തിൽ തിരമാലയടിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരണമെന്നും കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകടമേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകടങ്ങൾ ഒഴിവാക്കും. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.
അതേസമയം നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ഇതിനിടെ വടക്ക് കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി ശക്തിപ്രാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്കുപടിഞ്ഞാറ് ദിശയിൽ ന്യൂനമർദ്ദം സഞ്ചരിച്ചേക്കും. തുടർന്ന് പടിഞ്ഞാറ് ദിശയിലൂടെ നീങ്ങി ഒമാൻ തീരത്തേക്ക് ന്യൂനമർദ്ദം നീങ്ങാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.
Comments