കൊച്ചി: പോക്സോ കേസിലെ അതിജീവിതയും ആറുമാസം ഗർഭിണിയുമായ പതിനഞ്ചുകാരിയ്ക്ക് ഗർഭച്ഛിദ്രത്തിന് അനുമതി നൽകി ഹൈക്കോടതി. പുറത്തെടുക്കുന്ന കുട്ടിയുടെ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കണമെന്നും തീരുമാനം വൈകുന്നത് പെൺകുട്ടിയുടെ വേദനയുടെ ആഘാതം കൂട്ടുമെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് വിജി അരുണിന്റേതാണ് ഈ നിർണായക ഉത്തരവ്.
രാജ്യത്തെ നിയമമനുസരിച്ച് 24 ആഴ്ച പിന്നിട്ട ഗർഭച്ഛിദ്രം അനുവദനീയമല്ല. എന്നാൽ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് കോടതിയുടെ ഈ വിധി. സർക്കാർ ആശുപത്രിയിൽ ഗർഭച്ഛിദ്രം നടത്തണമെന്നും കുഞ്ഞിനെ പുറത്തെടുക്കുന്നതിനായി അടിയന്തിരമായി മെഡിക്കൽ ബോർഡ് രൂപീകരിച്ച് നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.
പുറത്തെടുക്കുന്ന കുട്ടിയ്ക്ക് ജീവനുണ്ടെങ്കിൽ മികച്ച ചികിത്സ നൽകണമെന്നും കുഞ്ഞിനെ പെൺകുട്ടിയ്ക്ക് ഏറ്റെടുക്കാൻ താൽപര്യമില്ലെങ്കിൽ സർക്കാർ പൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും കോടതി ഉത്തരവിട്ടു. കേസ് പത്ത് ദിവസത്തിന് ശേഷം വീണ്ടും പരിഗണിക്കും
Comments