മുക്കം: ശക്തമായി പെയ്യുന്ന മഴയിൽ സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുകയാണ്. മലയോര മേഖലയിലാണ് നാശനഷ്ടങ്ങൾ കൂടുതലും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കനത്ത മഴയെ തുടർന്ന് മാവുർ പഞ്ചായത്ത് കൺവെൻഷൻ സെൻ്ററിലേക്ക് ഗ്രാസിം ഫാക്ടറിയുടെ പാർശ്വഭിത്തി ഇടിഞ്ഞു വീണു.
പാർശ്വഭിത്തി നിലം പതിച്ചതോടെ കൺവെൻഷൻ സെൻ്ററിലെ ഭക്ഷണ സാധനങ്ങൾ ഉൾപ്പെടെ നശിച്ചു. അടുക്കളയിലേയ്‌ക്കടക്കം കല്ലും മണ്ണും കുത്തിയൊലിച്ച് എത്തുകയായിരുന്നു. ഭക്ഷണം വിളുമ്പുന്ന ഹാളിലടക്കം വെള്ളം കയറി. മാവൂർ പുളിക്കണ്ടി സ്വദേശിയുടെ വിവാഹം നടന്നു കൊണ്ടിരിക്കെയാണ് സംഭവം നടന്നത്.
കനത്ത മഴ പെയ്യുന്ന സാഹചര്യത്തിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം ഉയരുന്നതിന്റെയും ഭാഗമായി മാവൂരിൽ ദുരിതാശ്വാസ ക്യാമ്പും ആരംഭിച്ചിട്ടുണ്ട്. കച്ചേരിക്കുന്ന് അങ്കണവാടിയിലാണ് ക്യാമ്പ് ആരംഭിച്ചിട്ടുള്ളത്. നിലവിൽ ഒരു കുടുംബത്തെ ക്യാമ്പിലേയ്‌ക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
Comments