ആലപ്പുഴ: റോഡ് നിർമ്മാണം വൈകിയതിൽ വേറിട്ട പ്രതിഷേധവുമായി യുവാവ്. റോഡിൽ പായ വിരിച്ച് കിടന്നാണ് യുവാവിന്റെ പ്രതിഷേധം. പ്രകാശ് ചുനക്കരയാണ് റോഡിൽ പായവിരിച്ച് പ്രതിഷേധിച്ചത്.
ഭരണിക്കാവ്- കുടശ്ശനാട് റോഡിൽ കോമല്ലൂർ കുറ്റിയിലയ്യത്തു ജംഗ്ഷനിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. ഈ റോഡിൽ വർഷങ്ങൾക്ക് മുൻപ് കോടികൾ മുടക്കി നിർമ്മാണം തുടങ്ങിയിരുന്നു.എന്നാൽ കോമല്ലൂർ പുത്തൻചന്തക്ക് കിഴക്ക് ഭാഗത്ത് എത്തിയപ്പോൾ റോഡിന്റെ നിർമാണം നിർത്തി വെച്ചിരുന്നു.
ഇവിടെ നിന്നും ഭരണിക്കാവ് വരെയുള്ള അഞ്ച് കിലോമീറ്റർ റോഡ് വർഷങ്ങൾ ആയിട്ടും നന്നാക്കിയില്ല. പ്രശ്‌നപരിഹാരത്തിനായി നാട്ടുകാർ നിരവധി പരാതികൾ നൽകിയെങ്കിലും നടപടി ഉണ്ടായില്ല. തുടർന്നാണ് പ്രകാശ് ഒറ്റയാൾ സമരവുമായി രംഗത്തെത്തിയത്.
റോഡിന്റെ അറ്റകുറ്റപ്പണിയ്‌ക്കെത്തിയ ഉദ്യോഗസ്ഥരും തൊഴിലാളികളും തിരികെ പോയതിന് ശേഷമാണ് യുവാവ് സമരം അവസാനിപ്പിച്ചത്.
Comments